Connect with us

National

നിലപാട് മയപ്പെടുത്തി നാരായണ്‍ റാണെ

Published

|

Last Updated

മുംബൈ: നേതൃവുമായി കലഹിച്ച് രാജി നല്‍കിയ മഹാരാഷ്ട്ര വ്യവസായ മന്ത്രി നാരായണ്‍ റാണെ തന്റെ നിലപാട് മയപ്പെടുത്തുന്നു. രാജി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് തീര്‍ത്ത് പറഞ്ഞിരുന്ന റാണ ഇപ്പോള്‍ പറയുന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയില്‍ നിന്ന് വിവരം ലഭിക്കാന്‍ രണ്ട് ദിവസം കൂടി കാത്ത് നില്‍ക്കുമെന്നാണ്. സോണിയയുടെ ഇടപെടല്‍ വഴി അദ്ദേഹം അനുനയിക്കപ്പെടുമെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതിനിടെ മുഖ്യമന്ത്രി പൃഥീരാജ് ചവാനുമായും കോണ്‍ഗ്രസ് സംസ്ഥാന മേധാവി മണിക്‌റാവു താക്കറെയുമായും റാണെ ഇന്നലെ ചര്‍ച്ച നടത്തി. മൂന്ന് പേരും ചേര്‍ന്ന് ഡല്‍ഹിയില്‍ ചെന്ന് സോണിയാ ഗാന്ധിയെ കാണുമെന്ന് റാണെ അറിയിച്ചു. “ഞാന്‍ സംതൃപ്തനല്ല. ചര്‍ച്ച കൊണ്ട് യാതൊരു ഫലവുമില്ല. പക്ഷേ ഞാന്‍ സോണിയാ ഗാന്ധിയെ കാണാന്‍ തയ്യാറാണ്. പാര്‍ട്ടി ഇപ്പോഴും എന്റെ രാജി സ്വീകരിച്ചിട്ടില്ല”- റാണെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ അത്തരമൊരു കൂടിക്കാഴ്ച നടക്കുമെന്ന കാര്യം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി ചവാന്‍ തയ്യാറായില്ല. റാണെയുടെ പരാതികള്‍ താന്‍ സോണിയയെ ധരിപ്പിക്കും. രാജി കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ചവാനെതിരെ നിരന്തരം രൂക്ഷവിമര്‍ശം നടത്തുന്ന റാണെ തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വരികയാണ്. പാര്‍ട്ടി വിടുമെന്ന് വരെ അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പരാതികളിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്നെ പ്രചാരണ വിഭാഗം തലവനാക്കണമെന്നാണ് റാണെയുടെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍ വിലപേശല്‍ നടത്താവുന്ന നിലയിലല്ല റാണെയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ മകന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിലും പാര്‍ട്ടി പിറകോട്ട് പോയി. ഈ സാഹചര്യത്തില്‍ റാണെക്ക് വലിയ വിലപേശലുകള്‍ നടത്താനാകില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പറയുന്നു. എന്നാല്‍ ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ തീപ്പൊരി നേതാവിനെ ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് നഷ്ടപ്പെടുത്താനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ സമയം നല്‍കുകയും മറ്റ് സാധ്യതകള്‍ ആരായുകയും ചെയ്യുകയെന്ന തന്ത്രമാണ് റാണെ പയറ്റുന്നത്. ബി ജെ പിയുമായും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ സേനയുമായും അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്റെ മുമ്പില്‍ നിരവധി വഴികളുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Latest