Connect with us

Editorial

സ്ത്രീരക്ഷകര്‍ പീഡകരാകുമ്പോള്‍

Published

|

Last Updated

തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലാ വനിതാ സെല്‍ ഈയിടെ വൈസ് ചാന്‍സലര്‍ പിരിച്ചു വിടുകയും സര്‍വകലാശാലയുടെ പരമാധികാര സമിതി ഇടപെട്ട് അത് റദ്ദാക്കുകയുമുണ്ടായി. സ്ഥാപനത്തിലെ അധ്യാപികയെ വകുപ്പു മേധാവി ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പരാതിയെക്കുറിച്ചു അന്വേഷിച്ച വനിതാസെല്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ആരോപണം സത്യമാണെന്നും പരാതിയില്‍ വിസി അടക്കമുള്ളവര്‍ യഥാസമയം നടപടിയെടുത്തില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വി സി കേന്ദ്ര നിയമമനുസരിച്ചുള്ള ഇന്റേനല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപവത്കരണത്തിന്റെ പേരില്‍ നിലവിലുള്ള സെല്‍ പിരിച്ചുവിട്ടു പുതിയ സമിതി രൂപവത്കരിച്ചതായി പ്രഖ്യാപിച്ചത്.
കല്‍പ്പറ്റ ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌കൂളിലും തിരുവനന്തപുരം കാട്ടാക്കട ചെമ്പൂര്‍ എല്‍ എം എസ് സ്‌കൂളിലും അടുത്തിടെ സമാനമായ സംഭവങ്ങളുണ്ടായി. ചെമ്പൂര്‍ സ്‌കൂളില്‍ ഒരു അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി ചില വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും യഥാസമയം പോലീസിനെ അറിയിക്കാതെ സ്‌കൂള്‍ സൂപ്രണ്ട് മറച്ചു വെച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപ്പെട്ടതോടെയാണ് അയാള്‍ക്കെതിരെ കേസെടുത്തത്. ചെമ്പൂരില്‍ പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെ മൂന്ന് അധ്യാപകരാണ് എന്‍ എസ് എസ് ക്യാമ്പിന്റെ മറവിലും മറ്റും ലൈംഗികാതിക്രമം നടത്തിയത്. പരാതി ഉയര്‍ന്നപ്പോള്‍ ഒതുക്കാനായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ശ്രമം. ചെല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം അധികൃതരെ അറിയിച്ചത്.
സ്ഥാപനത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന വിധം ജീവനക്കാരുടെ സ്ത്രീപീഡനകഥകള്‍ പുറത്തു വന്നിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം രക്ഷിക്കാനുള്ള ശ്രമമാണ് ഈ സംഭവങ്ങളിലെല്ലാം അധികൃതര്‍ നടത്തിയത്. സ്ത്രീപീഡനക്കേസുകളുടെ ക്രമാതീതമായ പെരുപ്പത്തെക്കുറിച്ചു വേവലാതിപ്പെടുന്നവര്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണ് സ്ത്രീരക്ഷകരാകേണ്ടവര്‍ പീഡകരായി മാറുന്ന ഈ പ്രവണത. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കൃഷി, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി സര്‍വത്ര മേഖലകളിലും സ്തീപീഡനം വര്‍ധിച്ചു വരികയാണ്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കി കേന്ദ്രം ആവിഷ്‌കരിച്ച പുതിയ നിയമം പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാകുന്ന ധാരണ തിരുത്തുന്നതാണ് ഈയിടെ യു പിയില്‍ നിന്നും ബംഗുളുരുവില്‍ നിന്നും പുറത്തു വന്ന ഞെട്ടിക്കുന്ന കഥകള്‍. പീഡനക്കേസുകളില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ പീഡകരുടെ രക്ഷകരായി മാറുകയാണ് പല സംഭവങ്ങളിലും. തൊഴിലിടങ്ങളില്‍ പീഡനങ്ങള്‍ അരങ്ങേറുമ്പോള്‍, പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടവര്‍ സംഭവം ഒതുക്കിത്തീര്‍ക്കാനാണ് വ്യഗ്രതപ്പെടുന്നത്. കേസ് റിപോര്‍ട്ട് ചെയ്താല്‍ തന്നെ പല വിധ സ്വാധീനങ്ങളാലും നിയമപാലകര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്നു. പുതിയ കേന്ദ്ര നിയമത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥന് ഒരു വര്‍ഷം തടവും പിഴയും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഇതടിസ്ഥാനത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായി വിവരമില്ല. കേസ് ചാര്‍ജ് ചെയ്താല്‍ തന്നെ കുറ്റവാളികള്‍ക്ക് ഉന്നതങ്ങളിലുള്ള സ്വാധീനമൂലം അന്വേഷണത്തിലും വിചാരണയിലും ഇരകള്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും ധാരാളം. അല്ലെങ്കിലും ഭരണകൂട മെഷിനറിയുടെ സഹായത്തോടെ സ്തീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമാണല്ലോ രാജ്യത്തുള്ളത്. കാശ്മീരിലും മിസോറാമിലും ഝാര്‍ഖണ്ഡിലുമെല്ലാം എണ്ണമറ്റ സ്ത്രീകള്‍ പട്ടാളക്കാരുടെ കാമപൂര്‍ത്തീകരണത്തിന് ഇരയായി പിടഞ്ഞുമരിച്ചു. അതിര്‍ത്തി മേഖലയില്‍ സൈന്യത്തിന് നല്‍കപ്പെട്ട പ്രത്യേക നിയമ പരിരക്ഷയുടെ മറവിലാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്. സ്ത്രീകളുടെ സുരക്ഷക്കു വേണ്ടി പ്രസ്തുത നിയമം എടുത്തു കളയണമെന്ന നിരന്തരമായ മുറവിളി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ പോലീസും വര്‍ഗീയ കശ്മലന്മാരും ചേര്‍ന്നു നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊല്ലുകയോ ജിവച്ഛവമാക്കുകയോ ചെയ്തു. അക്രമികള്‍ ഇന്നും സൈ്വരമായി വിഹരിക്കുന്നു. ഇത്തരം ക്രൂരതകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനുള്ള ആര്‍ജവം രാജ്യത്തെ പൊതുസമൂഹത്തിന് നഷ്ടപ്പെട്ടിരിക്കയുമാണ്. ഡല്‍ഹിയിലും ബംഗുളുരുവിലും അരങ്ങേറിയത് പോലെ അപൂര്‍വം ചില ഘട്ടങ്ങളില്‍ പ്രതിഷേധം ആളിക്കത്താറുണ്ടെങ്കിലും സൂക്ഷ്മനിരീക്ഷണത്തില്‍ സ്ത്രീത്വത്തോടുള്ള പ്രതിബദ്ധതക്കപ്പുറം രാഷ്ട്രീയവും സാമുദായികവുമായ ചില മാനങ്ങളാണ് അതിന് പിന്നിലെന്ന് കാണാനാകും.
രാഷ്ട്രീയ, സാമുദായിക, ജാതീയ പരിച്ഛേദങ്ങള്‍ക്കപ്പുറം സ്ത്രീത്വത്തെ മാനിക്കാനും സംരക്ഷിക്കാനുമുള്ള ബോധം സമൂഹത്തിലും ഭരണമേഖലകളിലും വളര്‍ന്നു വരേണ്ടതുണ്ട്. വര്‍ഗീയ കലാപങ്ങളിലും മറ്റും ആസൂത്രിതമായി നടക്കുന്ന മാനഭംഗങ്ങള്‍ക്ക് ജാതിയും വര്‍ഗവും നോക്കി പരിരക്ഷ നല്‍കുന്ന രീതിക്കും മാറ്റം വരണം. എങ്കില്‍ മാത്രമേ ദുഃസ്വാധീനങ്ങള്‍ക്ക് വഴങ്ങി പീഡകരെ സംരക്ഷിക്കുകയും നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്യുന്ന പ്രവണതക്ക് അറുതി വരികയും സുരക്ഷാ ബോധത്തോടെ സ്ത്രീകള്‍ക്ക് ഏത് മേഖലകളിലും കടന്നു ചെല്ലാനുള്ള സാഹചര്യം സംജാതമാകുകയുമുള്ളു.

Latest