ഈദ് ആഘോഷങ്ങള്‍ക്ക് ദുബൈയില്‍ ഒരുക്കം

Posted on: July 22, 2014 11:26 pm | Last updated: July 22, 2014 at 11:26 pm

eid in dubaiദുബൈ: ദുബൈ നഗരം ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു. നിരവധി പുത്തന്‍ വിനോദ പരിപാടികളാണ് ഇക്കുറി ദുബൈയില്‍ കാത്തിരിക്കുന്നത്. ഒരേസമയം, വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിക്കൊണ്ടുള്ള എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ ആണ് ആഗസ്റ്റ് രണ്ടുമുതല്‍ സെപ്തംബര്‍ അഞ്ച് വരെ ദി ഫണ്‍ സൈഡ് ഓഫ് സമ്മര്‍ എന്ന പേരില്‍ ദുബൈ സമ്മര്‍ സര്‍െ്രെപസില്‍ ഒരുങ്ങുന്നത്.

കുട്ടികളുടെ കാര്‍ട്ടൂണ്‍കഥാപാത്രമായ ആന്‍ഗ്രി ബേഡ്‌സും ട്രാന്‍സ്‌ഫോമേഴ്‌സുമെല്ലാം മാളുകള്‍ കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഉണ്ടാവും. പ്രശസ്തരായ അറേബ്യന്‍ കലാകാരന്മാരുടെ പലതരം കലാ പ്രദര്‍ശനങ്ങളും കരിമരുന്നു പ്രയോഗങ്ങളും 40 ലക്ഷം ദിര്‍ഹത്തിന്റെ മെഗാ സമ്മര്‍ ഷോപ്പിങ് പ്രമോഷന്‍ അടക്കം പ്രത്യേക ഷോപ്പിങ് സമ്മാനങ്ങളും ഈ ദിവസങ്ങളില്‍ ദുബൈ നഗരം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്നു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പലതരം പരിപാടികള്‍ക്കാണ് ദുബൈ നഗരം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍കഥാപാത്രങ്ങളും ഷോപ്പിങ്ങിന്റെ പുത്തന്‍ അനുഭവവും കൂടുതല്‍ ആളുകളെയാണ് ഇക്കുറി ആകര്‍ഷിക്കാന്‍ പോകുന്നതെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
ദുബൈ ക്രീക്കിലെ കരിമരുന്ന് പ്രയോഗവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള പ്രത്യേക പരിപാടികളും മാളുകളിലെ പ്രത്യേക സമ്മര്‍ ഓഫറുകളുമൊക്കെയായി ദുബൈയിലെ ഒട്ടുമിക്ക മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളുമെല്ലാം ആഘോഷ പരിപാടികള്‍ക്കായുള്ള ഒരുക്കത്തിലാണ്.
മോധേഷ് വേള്‍ഡിലാണ് ആന്‍ഗ്രി ബേഡ്‌സ് യൂണിവേഴ്‌സ് ഇന്ററാക്ടീവ് എക്‌സ്പീരിയന്‍സ് നടക്കുക. ബുര്‍ജ്മാനില്‍ ഡിസെപ്റ്റിക്ലോണ്‍ ട്രാന്‍സ്‌ഫോമേഴ്‌സ് ഷോ, ദേര സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ സ്‌കൈലാന്‍ഡേഴ്‌സ് സ്‌പൈറോസസ് അഡ്‌വെഞ്ച്വര്‍ എന്നിവയുണ്ടാകും. കുട്ടികള്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനും അവസരം നല്‍കുന്നതായിരിക്കും മോധേഷ് വേള്‍ഡിലെ ആന്‍ഗ്രി ബേഡ്‌സ് ഏരിയ. ആന്‍ഗ്രി ബേഡ്‌സിന്റെ വേള്‍ഡ് പ്രീമിയറും മോധേഷിലുണ്ടാകും.
ഈദിന്റെ ആദ്യദിനം മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയാണ് ഇവിടെ പരിപാടി. ഈ മാസം 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ ദുബായ് മാളില്‍ ഹലോ കിറ്റി ഷോയുണ്ടാകും. തമാശയും വിനോദവുമായി നിറപ്പകിട്ടാര്‍ന്ന ഷോയാണിത്. കൂടാതെ മോധേഷ് വേള്‍ഡില്‍ സെപ്റ്റംബര്‍ എട്ടുവരെ ഹലോ കിറ്റിയും സംഘവുമുണ്ടാകും. ദുബായിലെ ഷോപ്പിങ് മാളുകളില്‍ മറ്റു സമ്മാന പദ്ധതികളും വിനോദോപാധികളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ലൈലാ സുഹൈല്‍ അറിയിച്ചു.