സ്വാശ്രയ കോളേജുകളിലേക്ക് പ്രത്യേക പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി

Posted on: July 22, 2014 3:51 pm | Last updated: July 22, 2014 at 11:43 pm

supreme courtഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് മാനേജുമെന്റുകളുടെ പ്രത്യേക പ്രവേശന പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്. മാനേജ്‌മെന്റ് സീറ്റിലേക്ക് സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രവേശനം നടത്തണം. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സ്വശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രത്യക പ്രവേശന പരീക്ഷ മെയ് 31നകം നടത്താന്‍ നേരത്തേ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രവേശന പരീക്ഷ നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞില്ല. കോടതി നിര്‍ദേശിച്ച സമയത്തിനകം പരീക്ഷ നടത്താത്തതിനാല്‍ സര്‍ക്കാര്‍ പട്ടിക പ്രകാരം പ്രവേശനം നടത്തണമെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഫീസ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.