Connect with us

Kozhikode

കനത്ത മഴ: പരക്കെ നാശം; 13 വീടുകള്‍ തകര്‍ന്നു

Published

|

Last Updated

കോഴിക്കോട്: കനത്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പരക്കെ നാശനഷ്ടം. വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. 13 വീടുകള്‍ തകര്‍ന്നു. നഗരത്തില്‍ മാത്രം 63 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മഴ ശക്തമായി തുടരുന്നതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മഴയെ തുടര്‍ന്ന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. മഴ തിമിര്‍ത്ത് പെയ്തതിനെ തുടര്‍ന്ന് വെള്ളം നിറഞ്ഞ ക്വാറിയില്‍ വീണ് ചേളന്നൂര്‍ വില്ലേജിലെ കോയാലിപറമ്പില്‍ സുനില്‍കുമാര്‍ (35) ആണ് മരിച്ചത്.

ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ഇത്തവണ ജില്ലയില്‍ മരണപ്പെടുന്നവരുടെ എണ്ണം ആറായി. വടകര താലൂക്കില്‍ മൂന്നും കോഴിക്കോട് രണ്ടും കൊയിലാണ്ടി താലൂക്കില്‍ ഒരാള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴയുള്ളതിനാല്‍ കക്കയം ഡാം ഏത് സമയവും തുറന്ന് വിടാന്‍ സാധ്യതയുണ്ടെന്നും കുറ്റിയാടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഒരു വീട് പൂര്‍ണമായും 12 വീടുകള്‍ ഭാഗികമായുമാണ് ഇന്നലെ തകര്‍ന്നത്. ഇതില്‍ തൊഴിലാളികള്‍ നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഒരു വീട് തകര്‍ന്നത്. വലിയങ്ങാടി ഹല്‍വ ബസാറിലെ മൂന്നാംങ്കരപളളിക്ക് സമീപം അക്കരപ്പറമ്പ് ശറഫുവിന്റെ നിര്‍മാണത്തിലിരുന്ന വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. ബീച്ച് അഗ്നിശമന വിഭാഗമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടുകള്‍ തകര്‍ന്ന് ഇന്നലെ മാത്രം 7,18,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.
ഒരാഴ്ചക്കിടെ ജില്ലയില്‍ അഞ്ച് വീടുകള്‍ മുഴുവനായും 102 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഈയിനത്തില്‍ 49,15,7501 രൂപ നഷ്ടം സംഭവിച്ചതായാണ് ഔദ്യോഗിക വിശദീകരണം. കോഴിക്കോട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 17 വീടുകള്‍ ഭാഗികമായും തകര്‍ന്നപ്പോള്‍ കൊയിലാണ്ടി താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 25 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
വടകര താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 29 വീടുകള്‍ ഭാഗികമായും താമരശ്ശേരിയില്‍ 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ സി ഡി എ കോളനിയിലെ 59 കുടുംബങ്ങളെ ഹൗസ്‌ഫെഡ് ബില്‍ഡിംഗിലേക്ക് മാറ്റി. മാവൂര്‍ വില്ലേജിലെ നാല് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. പന്തീരങ്കാവ് പാവാളി പ്രദേശത്ത് എട്ട് വീടുകളില്‍ ഭാഗികമായി വെള്ളം കയറി.
നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ ജംഗ്ഷനിലും സ്റ്റേഡിയം ജംഗ്ഷനിലും മാവൂര്‍ റോഡിലും ശ്രീകണ്‌ഠേശ്വര ക്ഷേത്ര റോഡിലും പാവമണി റോഡിലും കുമാരസ്വാമി -അമ്പലത്തുകുളങ്ങര റോഡിലുമെല്ലാം മഴവെള്ളം മുട്ടോളമാണ് ഉയര്‍ന്നത്. മഴയില്‍ 73 ഹെക്ടറിലെ കൃഷിയാണ് ഇതിനകം നശിച്ചത്.
1099 കര്‍ഷകര്‍ക്ക് 1,26,62,230 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണ്‍ട്രോള്‍ റൂമിന്റെ റിപ്പോര്‍ട്ട്. കെട്ടാങ്ങല്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം 150 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം ഇന്നലെ പുലര്‍ച്ചെ കടപുഴുകി വീണു.
ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്താണ് മരം വീണത്. പഞ്ചായത്ത് ഓഫീസിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. മുക്കം അഗ്നിശമന വിഭാഗം സ്ഥലത്തെത്തി മണിക്കൂറുകളോളം പ്രവര്‍ത്തിച്ച് മരത്തിന്റെ ചില്ലകള്‍ വെട്ടിമാറ്റുകയായിരുന്നു.

---- facebook comment plugin here -----

Latest