പതിനേഴ് ഇന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

Posted on: July 22, 2014 10:36 am | Last updated: July 22, 2014 at 11:43 pm

modiന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നൂറാം ദിനം തികയ്ക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കെ പതിനേഴ് ഇന വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ മന്ത്രാലയങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പ്രധാന നഗരങ്ങളില്‍ മെട്രോ, രാജ്യത്തെവിടെയും 24 മണിക്കൂറിനകം എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം, കാരാര്‍ ജോലികള്‍ അവസാനിപ്പിക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. ഈ മാസം 31നകം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്തെവിടെയും 24 മണിക്കൂറിനകം എത്തിച്ചേരാനാകുന്ന വിധത്തില്‍ റോഡ്, റെയില്‍ പാതകളുടെ നിലവാരമുയര്‍ത്തുക എന്നതാണു പ്രധാനനിര്‍ദ്ദേശം. ഇതിനായി കിഴക്കന്‍ തീരത്തേയും പടിഞ്ഞാറന്‍ തീരത്തേയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് പാതകള്‍ നിര്‍മിക്കണം. പ്രധാനനഗരങ്ങളിലെ ഗതാഗത കുരുക്കൊഴിവാക്കാന്‍ മെട്രോകള്‍ നിര്‍മിക്കണം.

കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ തുറമുഖം, എസ്ടിഡി കോളുകള്‍ക്ക് ഒരേ നിരക്ക്, കള്ളപ്പണം തടയുന്നതിനായി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക എന്നിവയും കാബിനറ്റ് സെക്രട്ടറിയേറ്റ് മന്ത്രാലയങ്ങള്‍ക്ക് അയച്ച നിര്‍ദ്ദേശത്തിലുണ്ട്.