‘എന്റെ മകളെ കൊന്നതിന് നന്ദി’: റഷ്യന്‍ പ്രസിഡന്റിന് ഒരച്ഛന്റെ കത്ത്

Posted on: July 22, 2014 8:17 am | Last updated: July 22, 2014 at 8:17 am

malasian flight crashഹേഗ്: ‘എന്റെ ഏക മകളെ കൊന്നതിനു നന്ദി പുടിന്‍. അവളുടെ ജീവിതം തകര്‍ത്തതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങള്‍ക്കിനി തലയുയര്‍ത്തി കണ്ണാടിയിലേക്ക് നോക്കാം”. മലേഷ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഡച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് അയച്ച കത്തിലെ ഭാഗമാണിത്. റഷ്യന്‍ മിസൈലാക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന ആരോപണം ശക്തമായ പശ്ചാതലത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് പുടിന് കത്തയച്ചിരിക്കുന്നത്.

വിമാന ദുരന്തത്തില്‍ മരിച്ച 17കാരിയായ എല്‍സേമിയകിന്റെ അച്ഛന്‍ ഹാന്‍സ് ദെ ബോര്‍സ്റ്റാണ് പുടിനും വിമതര്‍ക്കും ഉക്രയിന്‍ സര്‍ക്കാനും തുറന്ന കത്തെഴുതിയത്. ‘വിദേശത്തെ യുദ്ധഭൂമിയില്‍ തകര്‍ന്നുവീണ് അവള്‍ പെട്ടന്നങ്ങുപോയി’.

മകള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. അടുത്ത വര്‍ഷം ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പം ഡല്‍ഫ് യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനിയറിംഗിന് ചേരാനായിരുന്നു അവളുടെ ആഗ്രഹം. തികച്ചും ആവേശത്തിലായിരുന്നു അവളെന്നും കത്തില്‍ പറയുന്നു.

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ വിമാനം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉക്രൈന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. വിമാനം റഷ്യന്‍ അനുകൂല വിമതരുടെ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നതെന്നാണ് ഉക്രയിന്‍ സര്‍ക്കാറും അമേരിക്കയും ആരോപിക്കുന്നത്. ദുരന്തത്തില്‍ 298 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു.