സുതാര്യ കേരളത്തിലൂടെ ജോയ് സിറിയക്കിന് പുതുജീവിതം

Posted on: July 22, 2014 1:08 am | Last updated: July 22, 2014 at 1:08 am

കല്‍പ്പറ്റ: കാലവര്‍ഷം കനക്കുമ്പോഴും ആശങ്കകളില്ലാതെ അന്തിയുറങ്ങാന്‍ ജോയ് സിറിയക്കിനും കുടുംബത്തിനും സുതാര്യകേരളം തുണയായി.
വെണ്ണിയോട് പുഴ ദിശമാറി ഒഴുകി വീടിന്റെ മുറ്റം മുഴുവന്‍ ഇടിയുന്നതിനാല്‍ ഭീതിയോടെയായിരുന്നു കോട്ടത്തറ വെണ്ണിയോട് സ്വദേശി ജോയ്‌സിറിയക്കും കുടുംബവും കഴിഞ്ഞിരുന്നത്. വീടിരിക്കുന്ന സ്ഥലത്തിന്റെ നല്ലൊരു ഭാഗം പുഴയായി മാറി. പുഴയുടെ അരിക് കെട്ടുന്നതിനുള്ള അപേക്ഷയുമായി ഗ്രാമപഞ്ചായത്ത് മുതല്‍ രാഷ്ട്രപതിക്ക് വരെ ജോയ്‌സിറിയക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല.
ഈ മഴക്കാലത്ത് കനത്ത മഴ പെയ്താല്‍ പൂര്‍ണ്ണമായും വീട് പുഴയിലേക്ക് ഇടിഞ്ഞ് വീഴും എന്ന അവസ്ഥയിലാണ് ജോയ്‌സിറിയക് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യകേരളം വയനാട് സെല്ലില്‍ അപേക്ഷ നല്‍കിയത്. ഇദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും ദയനീയസ്ഥിതി ഉള്‍ക്കൊണ്ട സുതാര്യകേരളത്തിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി സ്വീകരിച്ചു. കോഴിക്കോട് മേജര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് പരാതി പരിഹാരത്തിന് ശ്രമിച്ചു. ഇതിന്റെ ഫലമായി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പുഴയ്ക്ക് സംരക്ഷണഭിത്തി കെട്ടുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര കേന്ദ്രമായ സുതാര്യകേരളം പദ്ധതിയില്‍ നിരവധി പരാതികളാണ് ദിനംപ്രതിയെത്തുന്നത്. വ്യക്തിഗത അപേക്ഷകള്‍ക്കൊപ്പം സാമൂഹിക പ്രശ്‌നങ്ങളിലെ പരിഹാരം തേടിയും അനവധിയാളുകള്‍ സെല്ലുമായി ബന്ധപ്പെടുന്നു. മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും നേരിട്ടുള്ള അവലോകനം നടക്കുന്നതിനാല്‍ സുതാര്യകേരളത്തില്‍ നല്‍കുന്ന പരാതികളി•േല്‍ സത്വര നടപടികളാണ് വകുപ്പ് മേധാവികള്‍ സ്വീകരിക്കാറുള്ളത്. കളക്ടറേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനോട് ചേര്‍ന്നാണ് സുതാര്യകേരളം സെല്‍ പ്രവര്‍ത്തിക്കുന്നത്.
പത്രമാധ്യമങ്ങളില്‍ വരുന്ന സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിലും സുതാര്യകേരളം ഇടപെട്ട് പ്രശ്‌നപരിഹാരം കാണുന്നു. പരാതികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ മതിയാകും. ഫോണ്‍ : 202955. കോ-ഓര്‍ഡിനേറ്റര്‍. 9747678990.