ഇറാഖില്‍ മനുഷ്യബോംബാക്രമണം നടത്തിയത് ആസ്‌ത്രേലിയന്‍ കൗമാരക്കാരനെന്ന്‌

Posted on: July 22, 2014 12:39 am | Last updated: July 22, 2014 at 12:39 am

മെല്‍ബണ്‍: കഴിഞ്ഞ ആഴ്ചയിലെ ഇറാഖ് മനുഷ്യബോംബാക്രമണം നടത്തിയത് ആസ്‌ത്രേലിയക്കാരനായ കൗമാരക്കാനാണെന്ന് ആസ്‌ത്രേലിയ. ബഗ്ദാദിലെ പള്ളിക്ക് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മെല്‍ബണ്‍ സ്വദേശിയായ 18 വയസ്സുകാരനായ കൗമാരക്കാനാണ് സ്വയം പൊട്ടിത്തെറിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇസിസ് ഭീകരവാദികളാണ് ഇക്കാര്യം പുറത്തുവിട്ടത്. ട്വിറ്റര്‍ വഴി നല്‍കിയ സന്ദേശത്തില്‍, തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും സ്വയം പൊട്ടിത്തെറിച്ചത് ആസ്‌ത്രേലിയക്കാരനായ അബൂബക്കര്‍ ആണെന്നും ഇവര്‍ അവകാശപ്പെടുന്നു. ഇതിനോട് പ്രതികരിക്കവെ, ഇത്തരം വാര്‍ത്തകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ആസ്‌ത്രേലിയയിലെ അറ്റോര്‍ണി ജനറനല്‍ ജോര്‍ജ് ബ്രാണ്ടിസ് പറഞ്ഞു. ഇസിസ് പോലുള്ള തീവ്രവാദി സംഘടനകള്‍ ഇറാഖില്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് സര്‍ക്കാറിന് ബോധ്യമുണ്ടെന്നും ഒരു ആസ്‌ത്രേലിയക്കാരന്‍ ഇതില്‍ പങ്കാളിയായത് ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടുകള്‍ കൃത്യമാണെങ്കില്‍ ഇറാഖ്, സിറിയ സംഘര്‍ഷത്തില്‍ മനുഷ്യ ബോംബായി പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ആളാണ് അബൂബക്കര്‍. ആസ്‌ത്രേലിയയിലെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ചേക്കേറുന്നതിന് തടയിടാന്‍ സര്‍ക്കാര്‍ കഠിന ശ്രമത്തിലാണെന്ന് കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.