Connect with us

Articles

ചോരയില്‍ മുങ്ങിമരിക്കുന്ന ഗാസയും ഇന്ത്യന്‍ നിലപാടും

Published

|

Last Updated

Rami Barbakh, a released Palestinian prisoner, center, is reunited with his mother as he arrives at a checkpoint at the entrance of the northern Gaza town of Beit Hanoun

അമേരിക്കയുടെ മൗനസമ്മതത്തോടെ #ഇസ്‌റാഈല്‍ സേന ഫലസ്തീന്‍ മണ്ണില്‍ നിഷ്ഠൂരമായ കൂട്ടക്കൊല തുടരുകയാണ്. “ഓപറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗാസാ ആക്രമണത്തിലൂടെ സിയോണിസ്റ്റുകള്‍ മരണനൃത്തം ചവിട്ടുകയാണ്. ഫലസ്തീനിന്റെ ഭാഗമായിരുന്ന ഗാസാ പ്രദേശം 1967ല്‍ ബലം പ്രയോഗിച്ചാണ് ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയത്. അന്നു മുതല്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ഗാസയിലെ ജനങ്ങളുടെ ധീരോദാത്തമായ പോരാട്ടവും ആരംഭിച്ചതാണ്. ഫലസ്തീനന്റെ മണ്ണില്‍ സ്വന്തം ദേശീയ സ്വത്വവും സ്വാതന്ത്ര്യവും നേടിയെടുക്കാനാണ് ഗാസയിലെ ജനങ്ങള്‍ മരണത്തെ കീഴ്‌പെടുത്തിയ ആത്മബോധവുമായി ഇസ്‌റാഈല്‍ സേനയോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെയും അതിന്റെ കൂട്ടാളികളുടെയും മൗന സമ്മതത്തോടെയാണ് സ്വന്തം മണ്ണില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ജനതയെ ഭീകരവാദികളായി ചിത്രീകരിച്ചു കൊണ്ട് ഇസ്‌റാഈല്‍ കൂട്ടക്കൊല നടത്തുന്നത്. ഗാസയില്‍ തിരഞ്ഞെടുക്കപ്പെട്ട ഹമാസ് സര്‍ക്കാറിനെയും ഫലസ്തീന്‍ വിമോചന ശക്തികളെയും എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനാണ് സിയോണിസ്റ്റ് ഭീകരര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്‌റാഈല്‍ അടക്കം ഒപ്പ് വെച്ചംഗീകരിച്ച കരാറുകളും അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് സിയോണിസ്റ്റുകള്‍ ആക്രമണം തുടരുന്നത്. ഐക്യരാഷ്ട്രസഭയെയും അതിന്റെ പ്രമേയങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഗാസക്കു നേരെ സിയോണിസ്റ്റുകളുടെ താണ്ഡവം തുടരുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതിഷേധമുയരുമ്പോഴും ഇസ്‌റാഈലിന്റെ കര, വേ്യാമ സേനകള്‍ അതിരൂക്ഷമായ ആക്രമണം നടത്തുകയാണ്. രാവും പകലും തുടരുന്ന തുടര്‍ച്ചയായ ബോംബ് വര്‍ഷത്തില്‍ ഗാസ മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ഷെല്ലിംഗില്‍ മൃതദേഹങ്ങള്‍ നീക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ജൂലൈ എട്ടിനാരംഭിച്ച ആക്രമണം 13 ദിവസം പിന്നിടുമ്പോഴേക്കും 425 പേരാണ് കൊല്ലപ്പെട്ടത്. അവരില്‍ 125 പേര്‍ കൊച്ചുകുഞ്ഞുങ്ങളാണ്. ഞായറാഴ്ച പുലര്‍ച്ചെ ഗാസ സിറ്റിയുടെ കിഴക്കന്‍ മേഖലയിലെ ഷെജായില്‍ നടന്ന ആക്രമണത്തില്‍ 90 പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് നേതാവ് ജലീല്‍ അല്‍ഹയയുടെ വീട് തകര്‍ന്നു. അദ്ദേഹത്തിന്റെ മകനും മരുമകളുമടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ബി ബി സി റിപോര്‍ട്ട് ചെയ്തത്, രൂക്ഷമായ ഷെല്ലിംഗ് തുടരുന്നതിനാല്‍ ആംബുലന്‍സുകള്‍ക്ക് ഈ മേഖലകളിലേക്ക് എത്താന്‍ കഴിയുന്നില്ല എന്നാണ്. മൃതദേഹങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. നിരപരാധികളായ സിവിലിയന്‍മാരെ കൊന്നുകൂട്ടുകയാണ് ഇസ്‌റാഈല്‍ സേന. ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബി ബി സി റിപോര്‍ട്ട് ചെയ്തത് ഇസ്‌റാഈലി സേന പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരെ പോലും പീരങ്കികള്‍ ഉപയോഗിച്ച് നിറയൊഴിക്കുകയാണെന്നാണ്.
ലോകസമൂഹമാകെ ഈ നിഷ്ഠൂരമായ കൂട്ടക്കൊലക്കുനേരെ പ്രതിഷേധമുയര്‍ത്തുകയാണ്. അമേരിക്കയൊഴികെ ഒട്ടു മിക്ക ലോക രാഷ്ട്രങ്ങളും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോഴും ഇസ്‌റാഈല്‍ കൂട്ടക്കൊല തുടരുകയാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വീണ്ടും ആക്രമണമാരംഭിച്ചു. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ഇടതടവില്ലാതെ ഗാസക്കു മേല്‍ മിസൈല്‍ പതിച്ചുകൊണ്ടിരുന്നു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ അഞ്ച് ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ സിറ്റിയില്‍ നിന്ന് കൂട്ടത്തോടെ ജനങ്ങള്‍ പാലായനം ചെയ്യുകയാണെന്നാണ് ബി ബി സി റിപോര്‍ട്ട് ചെയ്യുന്നത്. ഗാസയിലെ യു എന്‍ കേന്ദ്രത്തില്‍ അമ്പതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണവും കുടിവെള്ളവും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് യു എന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. യു എന്‍ ക്യാമ്പുകള്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനാകാതെ ഞെരുങ്ങുന്നു. സ്വാതന്ത്ര്യവും ജന്മദേശവും തിരിച്ചുപിടിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തെ പോലും ഭീകരവാദമാണെന്നാരോപിച്ച് അടിച്ചമര്‍ത്തുകയാണ് ഇസ്‌റാഈല്‍ സേന.
ഗാസയില്‍ നിന്ന് ഇസ്‌റാഈല്‍ സേന പിന്മാറണമെന്ന ലോകാഭിപ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് ഗാസയില്‍ കടന്നാക്രമണം ശക്തമാക്കുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞ ദിവസവും ഭീഷണിമുഴക്കിയത്. കൂടുതല്‍ റിസര്‍വ് സൈനികര്‍ ഗാസയില്‍ എത്തിയിട്ടുണ്ടെന്നും കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നുമാണ് ഇസ്‌റാഈല്‍ സേന പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. പ്രതിരോധസേനാ വക്താവ് ലെഫ്. കേണല്‍ പീറ്റര്‍ ലെര്‍നര്‍ ഇസ്‌റാഈലി പൗരന്മാരുടെ സുരക്ഷക്കായി സൈനിക നടപടി ശക്തമാക്കുമെന്നാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ദിവസക്കാലം വ്യോമ, നാവിക സേനകള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കരസേന ഗാസയില്‍ അധിനിവേശം നടത്തിയത്. ഹമാസിന്റെ തുരങ്കശൃംഖല തകര്‍ക്കാന്‍ വ്യോമാക്രമണം കൊണ്ടു മാത്രം കഴിയില്ലെന്നു വാദിച്ചാണ് സര്‍വസന്നാഹങ്ങളുമായി കരസേനയെ ഗാസയില്‍ വിന്യസിച്ചത്. ഗാസയിലെ ഓപറേഷന്‍ എന്നവസാനിക്കുമെന്ന് പറയാനാകില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവന ഒരു ജനതയെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തിയോടിക്കാനുള്ള സിയോണിസ്റ്റ് തന്ത്രമാണ് ഒളിച്ചുവെച്ചിരിക്കുന്നത്.
ഒരു വലിയ നുണയുടെ വിളംബരത്തോടെയാണല്ലോ ഇസ്‌റാഈല്‍ല്‍ രാഷ്ട്രം ജന്മമെടുത്തതുതന്നെ. “രാജ്യമില്ലാത്ത ജനതക്കായി ജനതയില്ലാത്ത രാജ്യം” എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്‌റാഈല്‍ പിറന്നുവീണത്. 1948ല്‍ 14 ലക്ഷത്തിലേറെ ഫലസ്തീനികള്‍ താമസിക്കുന്ന രാജ്യത്തെയാണ് സിയോണിസ്റ്റുകള്‍ “ജനതയില്ലാത്ത രാജ്യം” എന്നു വിശേഷിപ്പിച്ചത്. ഇത്തരം പെരും നുണകളുടെ അകമ്പടിയോടെയാണ് ബ്രിട്ടനും അമേരിക്കയും അടങ്ങുന്ന സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌റാഈല്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കിയത്. സിയോണിസത്തിന് അനുകൂലമായി ഭരണകൂടങ്ങളെയും രാജ്യങ്ങളെയും മാറ്റിയെടുത്ത സാമ്രാജ്യത്വത്തിന്റെ പബ്ലിക്‌റിലേഷന്‍സ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് “വേള്‍ഡ് ഓര്‍ഡര്‍ ഓള്‍ഡ് ആന്റ് ന്യൂ” എന്ന കൃതിയില്‍ നോം ചോംസ്‌കി വിശദമായി പ്രതിപാദിക്കുന്നു. അറബ് ദേശീയതക്കെതിരായി ഇസ്‌റാഈലിനെ അമേരിക്ക തങ്ങളുടെ സ്ട്രാറ്റജിക് അസറ്റ് എന്ന രീതിയില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. എണ്ണയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശനയത്തിന്റെ പ്രയോഗശാസ്ത്രം വികസിപ്പെച്ചെടുത്ത ഹെന്‍ റി കിസിഞ്ജര്‍ ആണ് സ്ട്രാറ്റജിക് അസറ്റ് എന്ന ആശയം വളര്‍ത്തിയെടുത്തത്. ഇറാനെയും അറബ് രാജ്യങ്ങളെയും ശത്രുതയിലാക്കുക, പി എല്‍ ഒയെ ഒറ്റപ്പെടുത്തുക, അറബ് രാജ്യങ്ങളുടെ ഐക്യം ഇല്ലാതാക്കുക, ഓരോ രാജ്യവുമായി പ്രതേ്യകം ചര്‍ച്ച ചെയ്ത് അവരെ ഇസ്‌റാഈലുമായി കരാറിലെത്തിക്കുക ഇതെല്ലാമായിരുന്നു കിസിഞ്ജറുടെ തന്ത്രം.
സിയോണിസത്തിനനുകൂലമായി ലോബീയിംഗും പ്രചാരണവും നടത്താനായി 1906 മുതല്‍ അമേരിക്കയില്‍ ജൂത സംഘടനകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ചോംസ്‌കി ചൂണ്ടിക്കാണിക്കുന്നത് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പി എ സി) എന്ന പേരില്‍ 126 കമ്മിറ്റികള്‍ അമേരിക്കയില്‍ പ്രവര്‍ത്തനനിരതമായി. ഈ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുടെ സംഘടനയായ അമേരിക്കന്‍ ഇസ്‌റാഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി വളരെ ശക്തമാണ്. അതിനെ നയിക്കുന്നത് അമേരിക്കയിലെ ആയുധ കുത്തകകളും മാധ്യമ മുതലാളിമാരും ഹിലന്‍നോള്‍ട്ടണ്‍, ആപ്‌കോ വേള്‍ഡ്‌വൈഡ് തുടങ്ങിയ പബ്ലിക് റിലേഷന്‍സ് കമ്പനികളുമാണ്. ഈ അമേരിക്കന്‍ ജൂത ലോബി ഇന്ത്യയുടെ വിദേശനയത്തെയും ഭരണ രാഷ്ട്രീയത്തെയും നിര്‍ണായകമായി സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു. റാവു സര്‍ക്കാരിന്റെ കാലം തൊട്ട് ഇന്ത്യയുടെ ഇസ്‌റാഈല്‍ ബാന്ധവം നമ്മുടെ പരമ്പരാഗതമായ വിദേശ നയത്തിനു വിപരീതമായി സജീവമായിത്തുടങ്ങി. ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇസ്‌റാഈലിനെ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായിക്കാണുകയാണ്. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായി ഇസ്‌റാഈല്‍ സൈന്യത്തിന്റെയും രഹസ്യാനേ്വഷണ വിഭാഗത്തിന്റെയും സഹായം തേടാനുള്ള നീക്കമുണ്ടായത്. ഗാസയിലെ കൂട്ടക്കൊലകളെ അപലപിക്കാനോ ഇസ്‌റാഈലിനോട് കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് പറയാനോ മോദിസര്‍ക്കാര്‍ തയ്യാറല്ല. പാര്‍ലിമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അനുമതി നല്‍കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറല്ല.
എന്നും ഫലസ്തീന്‍ ജനതയോടൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. യാസര്‍ അറഫാത്തിനെ അമേരിക്ക ഭീകരവാദിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തിയപ്പോള്‍ ഇന്ത്യ നയതന്ത്രപദവി നല്‍കി പി എല്‍ ഒവിനെ അംഗീകരിക്കുകയാണ് ചെയ്തത്. ഇന്ന് ഇന്ത്യന്‍ ഭരണാധികാരികളുടെ ഉറ്റ കൂട്ടാളികളായി സിയോണിസ്റ്റുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഫലസ്തീനിന്റെ സ്വാതന്ത്ര്യവും സ്വത്വവും നിഷേധിക്കുന്ന ഇസ്‌റാഈല്‍ ഭരണാധികാരികള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച യു പി എ സര്‍ക്കാര്‍ ടെല്‍അവീവുമായി ഉണ്ടാക്കിയ വിവര, വിജ്ഞാന, പ്രതിരോധ കരാറുകള്‍ ഏറെ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2008ലെന്ന പോലെ ഇന്ത്യ ഇസ്‌റാഈലിനു വേണ്ടി തൊടുത്തുവിട്ട ടെക്‌സാര്‍ എന്ന ചാര ഉപഗ്രഹത്തിന്റെ നക്ഷത്രക്കണ്ണുകള്‍ ഉപയോഗിച്ചാണ് ഗാസയിലെ ജനങ്ങളെ വേട്ടയാടുന്നത്. കുഞ്ഞുങ്ങളെയും സ്്ത്രീകളെയും കൊന്നുകൂട്ടുന്നത്. ജനവാസ മേഖലകളിലെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളിലൂടെയാണ് ഫലസ്തീന്‍ മക്കളെ സ്വന്തം മണ്ണില്‍ നിന്നും തുരത്തുന്നത്. ഇസറാഈല്‍ രൂപവത്കരണത്തിനു ശേഷവും 84 ശതമാനത്തോളം ഫലസ്തീന്‍കാര്‍ക്ക് സ്വന്തം മണ്ണില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. സിയോണിസ്റ്റ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ഫലസ്തീനികള്‍ സ്വയം പോയതിനാല്‍ തിരിച്ചുവരാന്‍ അവകാശമില്ലെന്നാണ്. “ഞങ്ങള്‍ ഒരിക്കലും ഫലസ്തീന്‍കാരെ തുരത്തിയിരുന്നില്ല” ഇസ്‌റാഈലിന്റെ പ്രഥമ പ്രധാനമന്ത്രി ബെന്‍ഗുറിയന്റെ വാക്കുകള്‍ തന്നെയാണ് ഇപ്പോള്‍ മിസൈല്‍ വര്‍ഷത്തിലൂടെ ഗാസയിലെ ജനങ്ങളെ ഓടിക്കുമ്പോഴും നെതന്‍ന്യാഹു ആവര്‍ത്തിക്കുന്നത്. “ഡെറിസിന്‍…ഡെറിസിന്‍” എന്നാക്രോശിച്ചുകൊണ്ട് ഫലസ്തീന്റെ പ്രിയ കവി മുഹമ്മദ് ദര്‍വീഷ് എഴുതിയതു പോലെ വെണ്ണയില്‍ കത്തിക്കയറ്റുന്നതുപോലെ ഫലസ്തീനികളെ കൂട്ടക്കശാപ്പ് ചെയ്യുന്നതില്‍ ആത്മ നിര്‍വൃതി കണ്ടെത്തിയവരാണ് ബെന്‍ഗുറിയാനും മെനച്ചം ബെഗിനും മുതല്‍ നെതന്യാഹുവരെയുള്ള ഇസ്‌റാഈല്‍ പ്രധാനമന്ത്രിമാര്‍.
വെസ്റ്റ് ബാങ്കും ഗാസയും ഇസ്‌റാഈലിന്റെ ഭാഗമല്ല. സിയോണിസ്റ്റ് അധിനിവേശ പ്രദേശങ്ങളാണ്. അന്തര്‍ദേശീയ നിയമങ്ങളനുസരിച്ച് സ്വന്തം രാഷ്ട്രത്തെ കടന്നാക്രമിക്കുന്നവരെ പ്രതിരോധിക്കുവാന്‍ ജനസമൂഹങ്ങള്‍ക്കവകാശമുണ്ട്. ഈ കാര്യമാണ് ഐക്യരാഷ്ട്ര സഭ സാമ്രാജ്യത്വരാജ്യങ്ങളുടെ സമ്മര്‍ദം മൂലം സൗകര്യപൂര്‍വം വിസ്മരിച്ചുകളയുന്നത്. ഇസ്‌റാഈലിനെ അനുനയിപ്പിച്ച് ഗാസക്കെതിരായ അക്രമണം അവസാനിപ്പിക്കാന്‍ യു എന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതുകൊണ്ടാണ് പരിഹാസ്യമായി തീരുന്നത്. യു എന്‍ മുന്‍കൈയില്‍ ഈജിപ്തും ഖത്തറും ഫ്രാന്‍സും നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഫ്രഞ്ച് വിദേശമന്ത്രി ലോറന്റ് ഫാബിയാസിനോട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു അസന്ദിഗ്ധമായ ഭാഷയില്‍ വെടിനിര്‍ത്തല്‍ അസാധ്യമാണെന്നാണ് പറഞ്ഞത്. വിഷമപൂര്‍വം ലോറന്റ് ഫാബിയാന്‍ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്; “ദുഖത്തോടെ പറയട്ടെ, വെടിനിര്‍ത്തലിനുള്ള ആവശ്യം ചെവിക്കൊണ്ടില്ല. കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ആശങ്ക ഉയര്‍ത്തുകയാണ്.” ലോക നേതാക്കളെയും യു എന്‍ നേതാക്കളെയും അവജ്ഞാപൂര്‍വം തള്ളിക്കളഞ്ഞുകൊണ്ട് ഇസ്‌റാഈല്‍ എന്ന ഗുണ്ടാ രാഷ്ട്രം ഗാസക്കുനേരെ ആക്രമണം തുടരുകയാണ്.
ഫലസ്തീന്‍ ജനതയുടെ ചിരകാല സുഹൃത്തായ ഇന്ത്യ ഈ കടന്നാക്രമണമവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനോട് ശക്തമായി ആവശ്യപ്പെടുകതന്നെ വേണം. ഈ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ട ബാധ്യത ഗാന്ധിയുടെയും നെഹ്‌റുവിന്റെയും നാട്ടുകാര്‍ക്കുണ്ട്. അറബ് മുസ്‌ലിം വിരോധത്തിന്റെതായ നവ യാഥാസ്ഥിതിക ധാരയോട് പങ്ക് ചേരുന്ന ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയുടെ സമുജ്ജ്വലമായ പാരമ്പര്യത്തെ തന്നെയാണ് നിഷേധിക്കുന്നത്. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ഇംഗിതങ്ങളല്ല നമ്മുടെ സ്വതന്ത്ര വിദേശന യത്തിന്റെ മൂല്യങ്ങളാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഇന്ത്യന്‍ ഭരണകൂടത്തെ അതിനായി നിര്‍ബന്ധിക്കാന്‍ ജനാധിപത്യ ബോധമുള്ള സാര്‍വദേശീയ മാനവികതക്കായ് നിലകൊള്ളുന്ന ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്വമുണ്ട്. ഫലസ്തീന്‍ ജനതക്കെതിരായ കടന്നാക്രമണം അവസാനിപ്പിക്കാനും അന്താരാഷ്ട്ര കരാറുകള്‍ പാലിക്കാനും ഇസ്‌റാഈല്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ ഇന്ത്യ അവരുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണ് വേണ്ടത്. അതിനായുള്ള സാമൂഹിക സമ്മര്‍ദം രൂപപ്പെടുത്തേണ്ട ബാധ്യത മനുഷ്യസ്‌നേഹികള്‍ മുഴുവന്‍ ഏറ്റെടുക്കണം.