ചെറിയ പെരുന്നാള്‍: സ്വകാര്യ മേഖലക്ക് രണ്ടു ദിവസം അവധി

Posted on: July 21, 2014 9:04 pm | Last updated: July 21, 2014 at 9:04 pm

ദുബൈ: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സ്വകാര്യ മേഖലക്ക് തൊഴില്‍ മന്ത്രാലയം രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിനമായ ശവ്വാല്‍ ഒന്നിനും തൊട്ടടുത്ത ദിവസമായ രണ്ടിനുമായിരിക്കും അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് തൊഴില്‍ മന്ത്രി സാഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ്, യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനും സുപ്രിം കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ആശംസകള്‍ നേര്‍ന്നു. അതേസമയം പെരുന്നാള്‍ പ്രമാണിച്ച് പൊതുമേഖലക്ക് അഞ്ചു മുതല്‍ ഒമ്പത് ദിവസം വരെ അവധി ലഭിക്കുമെന്നാണ് അറിയുന്നത്.
റമസാന്‍ 29 പൂര്‍ത്തിയാക്കി ജുലൈ 28ന് ചെറിയ പെരുന്നാളാവുമെന്നാണ് കുവൈത്തിലെ ഗോളശാസ്ത്രജ്ഞനായ അദില്‍ അല്‍ സഊദൂന്‍ ആഴ്ചകള്‍ക്ക് മുമ്പേ പ്രവചിച്ചിരിക്കുന്നത്. സാധാരണയായി റമസാന്‍ 29 മുതലാണ് രാജ്യത്ത് ഈദ് അവധി ആരംഭിക്കുക. ഇതുപ്രകാരം ജൂലൈ 27 ഞായറാഴ്ച ആരംഭിച്ച് വ്യാഴം വരെ അഞ്ചു ദിവസമായിരിക്കും അവധിയെങ്കിലും ഓഗസ്റ്റ് ഒന്നും രണ്ടും ആഴ്ച അവധിയായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്നിനാവും ഡ്യൂട്ടിക്ക് തിരിച്ചെത്തുക. ഇതോടൊപ്പം അവധി ആരംഭിക്കുന്ന ജൂലൈ 27ന് മുമ്പുള്ള രണ്ട് ആഴ്ച അവധി ദിനങ്ങളും ഇതിനോട് ചേരുന്നതോടെയാണ് പൊതുമേഖലയിലുള്ളവര്‍ക്ക് മൊത്തം അവധി ദിനങ്ങള്‍ ഒമ്പതായി ഉയരുക.