യാത്ര നേരത്തേയാക്കി; മുഖ്യമന്ത്രി 23ന് ഡല്‍ഹിയിലേക്ക്

Posted on: July 20, 2014 11:55 am | Last updated: July 21, 2014 at 7:54 am

oommen chandy 6തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 23ന് ഡല്‍ഹിയിലേക്ക് പോകും. നേരത്തേ 29ന് പോകുമെന്നായിരുന്നു റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ഇറാഖ് വിഷയത്തില്‍ 29ന് നടത്താനിരുന്ന ചര്‍ച്ച 24ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് യാത്ര നേരത്തേയാക്കിയത്. പുനഃസംഘടനാ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതിനിടെയാണ് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചത്. കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുന്നതോടെ മന്ത്രിസഭാ പുനഃസംഘടന അനിവാര്യമായെന്നത് മുഖ്യമന്ത്രിക്ക് അനുകൂല ഘടകമായി. ഇതോടെയാണ് പുനഃസംഘടനാ നടപടികള്‍ തിടുക്കത്തില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

കാര്‍ത്തികേയനെ ഉള്‍പ്പെടുത്തി വിപുലമായ അഴിച്ചുപണിയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വകുപ്പുകളിലും കാര്യമായ മാറ്റമുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇതിന് ശേഷമേ മന്ത്രിസഭയിലെ മാറ്റങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. റവന്യു, ആരോഗ്യം വകുപ്പുകളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സ്പീക്കര്‍ സ്ഥാനത്തേക്ക് കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍ ശക്തന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്. തിരുവഞ്ചൂരും ശക്തനും സ്പീക്കറാവുന്നതിനോട് വിമുഖത പ്രകടിപ്പിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെ സി ജോസഫ് സ്പീക്കറായേക്കും. കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന താത്പര്യവും മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിലും ഐ ഗ്രൂപ്പിന്റെ എതിര്‍പ്പ് പ്രതിസന്ധി രൂക്ഷമാക്കും. സി എന്‍ ബാലകൃഷ്ണനെ ഒഴിവാക്കുന്നതും അനൂപ് ജേക്കബ് കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതും പരിഗണനയിലുണ്ട്. വി എം സുധീരന്‍ തിരിച്ചെത്തിയ ശേഷമേ പാര്‍ട്ടിതലത്തില്‍ ഇതേക്കുറിച്ചു ഗൗരവതരമായ ചര്‍ച്ച നടക്കൂ.