തൊണ്ടയാട് മുതല്‍ മെഡിക്കല്‍ കോളജ് വരെ തകര്‍ന്ന റോഡ് നന്നാക്കാന്‍ 23ന് ഹര്‍ത്താല്‍

Posted on: July 20, 2014 9:54 am | Last updated: July 20, 2014 at 9:54 am

kozhikodeകോഴിക്കോട്: തകര്‍ന്ന റോഡ് നന്നാക്കാന്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് 23ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12വരെ തൊണ്ടയാട് മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഭാഗത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് മെഡിക്കല്‍ കോളജ് – തൊണ്ടയാട് റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്നും പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രി, ദേവഗിരി കോളജ്, നിരവധി സ്‌കൂളുകള്‍ എന്നിവടങ്ങളിലേക്കുള്ള സഞ്ചാര പാതയാണ് ഇത്. നിരവധി അപകടങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. രണ്ടു മരണങ്ങളും സംഭവിച്ചു. പക്ഷെ ഇക്കാര്യത്തില്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. മെഡിക്കല്‍ കോളജിലെ മലിന ജലം ശുദ്ധീകരിച്ച് കനോലി കനാലില്‍ ഒഴുക്കി വിടുന്നതിനായി വാട്ടര്‍ അതോറിറ്റിയാണ് ആദ്യമായി റോഡ് കുഴിച്ചത്. അത് പൈപ്പിട്ട് മണ്ണ് മൂടിയതിന് ശേഷം റോഡിന് നടുവില്‍ വീതിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തു. നിരവധി തടസ്സങ്ങളുണ്ടായെങ്കിലും പിന്നീട് പൈപ്പ് ലൈന്‍ സ്ഥാപിച്ച് റിപ്പയര്‍ വര്‍ക്കിനായി പി ഡബ്ല്യൂ ഡിക്ക് കൈമാറുകയും ചെയ്തു. നാല് കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം ജോലി ആറ് ഭാഗങ്ങളാക്കി തിരിച്ച് കരാര്‍ നല്‍കിയിട്ടുണ്ടെന്ന് പി ഡബ്ല്യൂ ഡി അധികൃതരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ റോഡ് നിര്‍മാണ പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. പൈപ്പ് ലൈന്‍ ഇടുന്നതിന് കുഴിയെടുത്തപ്പോള്‍ പൊട്ടിപ്പോയ ശുദ്ധജല വിതരണ പൈപ്പുകള്‍ നന്നാക്കാതെ മണ്ണിട്ടു മൂടിയതിനാല്‍ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെളളം കിട്ടാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്ത് വരാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സമിതി കണ്‍വീനര്‍ പുതുശ്ശേരി വിശ്വനാഥന്‍, കെ പി അബ്ദുല്‍ ലത്വീഫ്, ശശീന്ദ്രന്‍, എം സേതുമാധവന്‍, കെ ചന്ദ്രന്‍ സംബന്ധിച്ചു.