Connect with us

Gulf

ലോകത്തിലെ ആദ്യ പരിസ്ഥിതി മസ്ജിദ് തുറന്നു

Published

|

Last Updated

ദുബൈ: ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ മസ്ജിദ് ദേര സിറ്റിസെന്ററിനു സമീപം ഉദ്ഘാടനം ചെയ്തു. 3,500 പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുള്ള മസ്ജിദാണിത്.

മദീനാ മസ്ജിദ് ഇമാം ശൈഖ് സാലിഹ് ബിന്‍ അവാദ് മഗാംസി ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ഔഖാഫ് സെക്രട്ടറി ജനറല്‍ ത്വയിബ് അല്‍ റൈസ്, ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ ശൈബാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
മതകാര്യ വകുപ്പിന്റെ കീഴിലുള്ള ദി ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ (അമാഫ്) ആണ് നിര്‍മിച്ചത്. ദുബൈയിലെ വലിയ പള്ളികളില്‍ ഒന്നാണിത്. വിസ്തീര്‍ണം 1,05,000 ചതുരശ്രയടി. 3,500 വിശ്വാസികള്‍ക്കു പ്രാര്‍ഥനാ സൗകര്യമുണ്ട്. ഹരിത നിര്‍മിതികള്‍ക്കായുള്ള രാജ്യാന്തര ചട്ടങ്ങള്‍ പാലിച്ചാണു നിര്‍മാണമെന്ന് ഔഖാഫ് സെക്രട്ടറി ജനറല്‍ തയ്യിബ് അല്‍ റൈസ് അറിയിച്ചു. ഗ്രീന്‍ മോസ്‌കിന്റെ ചുവടുപിടിച്ച് ഇനിയും ഇത്തരം ഒട്ടേറെ സംരംഭങ്ങള്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ.

പരിസ്ഥിതി സൗഹൃദ കെട്ടിടത്തിനുള്ള യുഎസ് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ അംഗീകാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ മസ്ജിദിനെ തേടിയെത്തും. പരിസ്ഥിതി സൗഹൃദമെന്ന് ഉറപ്പാക്കാന്‍ എല്ലാ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ജല ഉപയോഗം പരമാവധി കുറയ്ക്കാന്‍ തക്ക ഉപകരണങ്ങളാണു സ്ഥാപിച്ചിരിക്കുന്നത്. ഉപയോഗിച്ച ജലം ശുദ്ധീകരിച്ചു പുനരുപയോഗത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്താനുള്ള സജ്ജീകരണങ്ങളും രൂപകല്‍പനയിലുണ്ട്. സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്ന വൈദ്യുതി തൂണുകള്‍, വെള്ളം ചൂടാക്കാന്‍ സോളാര്‍ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, പ്രാര്‍ഥിക്കാനെത്തുന്നവരുടെയും പ്രാര്‍ഥന സമയത്തിന്റെയും അടിസ്ഥാനത്തില്‍ പ്രകാശം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് സ്വിച്ചുകള്‍ തുടങ്ങിയവയും കെട്ടിട സമുച്ചയത്തിലുണ്ട്.
ആളുകളുടെ എണ്ണവും ചൂടും അനുസരിച്ചു സ്വയം അന്തരീക്ഷ ഊഷ്മാവ് ചിട്ടപ്പെടുത്തുന്ന ശീതീകരണ സംവിധാനവും പരിസ്ഥിതി സൗഹൃദ മസ്ജിദിന്റെ പ്രത്യേകതയാണ്.

 

Latest