Connect with us

Gulf

ഗള്‍ഫ് മലയാളികളില്‍ ലഹരി ഉപഭോഗം കൂടുന്നു

Published

|

Last Updated

അബുദാബി: മലയാളി പ്രവാസികള്‍ക്കിടയില്‍ ലഹരിക്കടിപ്പെടുന്നവര്‍ വര്‍ധിക്കുന്നു. യുവാക്കള്‍ ഗള്‍ഫില്‍ നിന്നുള്ള പുതിയ കുട്ടുകെട്ടില്‍പെട്ട് വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഹരിക്കായി വിനിയോഗിക്കുന്നവരുണ്ട്.

ഈയിടെ ലഹരി ഉത്പന്നങ്ങള്‍ വിതരണത്തിന് മലയാളി യുവാവ് ഇവിടെ അറസ്റ്റിലായിരുന്നു. യു എ ഇ യിലെ വിദ്യാര്‍ഥികളിലും ലഹരിയുടെ ഉപഭോഗം കൂടുന്നതായി വിലയിരുത്തപ്പെടുന്നു. ലഹരി വില്‍പന നടത്തുന്ന ഇന്ത്യക്കാരനായ ഒരു കോളജ് വിദ്യാര്‍ഥി ഇയ്യിടെ ദുബൈയില്‍ പിടിക്കപ്പെടുകയുണ്ടായി. ലഹരികളില്‍ പ്രധാനി കഞ്ചാവ് ഇവിടെ സുലഭമല്ലെങ്കിലും ആവശ്യക്കാര്‍ എങ്ങിനെയെങ്കിലും സംഘടിപ്പിക്കുന്നു. വേദന സംഹാരി ഗുളികകളും മറ്റും കുള്‍ ഡ്രിംഗ്ക്കുകളില്‍ കലര്‍ത്തി ലഹരി ആസ്വദിക്കുന്നവരുണ്ട്. ഇതിനെ ടാബ് എന്നാണ് ഈ മേഖലയുള്ളവര്‍ വിളിക്കുന്നത്. ശാസ്ത്ര വിദഗ്ദരെ പോലും വെല്ലുന്ന ലഹരി കണ്ടു പിടുത്തങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. വാഹനങ്ങളുടെ എന്‍ജിന്‍ സ്‌പ്രേ, മാര്‍ക്കര്‍ പേനകളുടെ മഷി എന്നിവ ലഹരിക്കായി ഉപയോഗിക്കുന്നവരുണ്ട്.

കഞ്ചാവ് ഉപയോഗിച്ച നിരവധി പേരെ ഇതിനോടകം കുറ്റാന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കുറ്റ കൃത്യത്തിന് വര്‍ഷങ്ങളോളമാണ് ജയില്‍ വാസം അനുഭവിക്കേണ്ടി വരുന്നത്. വലിയ കുറ്റകൃത്യമായിട്ടും സ്വയം പഠിക്കാനും മനസിലാക്കാനും ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല.
കഞ്ചാവ് നാട്ടില്‍ നിന്നാണ് പ്രധാനമായും യു എ ഇ യില്‍ എത്തുന്നത്. നാട്ടില്‍ കാര്യമായ തൊഴിലൊന്നുമില്ലാതെ നടക്കുന്ന യുവാക്കളെ വന്‍ തുക നല്‍കി പ്രലോഭിപ്പിച്ചു കരിയര്‍മരായി ഉപയോഗിച്ച് വരുന്നു. യു എ ഇ യില്‍ ലഹരിക്കടിമയായിരിക്കുന്നവരില്‍ വിദ്യാസമ്പന്നരായ യുവാക്കളും ധാരാളമുണ്ട്. വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാന പ്രഫഷണല്‍ കോളേജുകളില്‍ താമസിച്ചു പഠിച്ച വിദ്യാര്‍ഥികളിലാണ് ലഹരി ഉപയോഗം കുടുതലായും കണ്ടുവരുന്നത്.

റിപ്പോര്‍ട്ട്: മുബാഷ് കോട്ടപ്പുറം