Connect with us

Kozhikode

കോഴിക്കോട് കോര്‍പറേഷന് മുന്നില്‍ അനിശ്ചിതകാല സമരം

Published

|

Last Updated

കോഴിക്കോട്: നഗര പരിധിയില്‍ അനധികൃതമായി 137 മൊബൈല്‍ ടവറുകള്‍ക്ക് നിര്‍മാണ അനുമതി നല്‍കിയ കോര്‍പറേഷന്‍ നേതൃത്വത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് എരഞ്ഞിപ്പാലം ജനകീയ സമര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമ്പത്തിക നേട്ടങ്ങള്‍ക്കായി ജനങ്ങളുടെ ആരോഗ്യം പരിഗണിക്കാതെ, മാനദണ്ഡങ്ങള്‍ ലംഘിച്ച് മൊബൈല്‍ ടവറുകള്‍ അനുവദിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ അടുത്തമാസം ആറ് മുതല്‍ അനിശ്ചിതകാല സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. മൊബൈല്‍ ടവറുകളുടെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ക്യാന്‍സര്‍, നാഡീതളര്‍ച്ച, കാഴ്ചശേഷിക്കുറവ്, ഹൃദയസ്തംഭനം, തലച്ചോറില്‍ ട്യൂമര്‍, വന്ധ്യത, വിഷാദരോഗം, ഉറക്കമില്ലായ്മ, മൈഗ്രേന്‍ തുടങ്ങിയ രോഗങ്ങളും ശാരീരിക അസ്വസ്ഥതകളും പിടിപെടുമെന്നാണ് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആരോഗ്യത്തെ ബാധിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതാത് ദേശത്തെ പരിസരവാസികള്‍ക്ക് സംഘടിക്കാന്‍ അവകാശമുണ്ടെന്നും അത്തരം ജനകീയ സമരങ്ങള്‍ക്കെതിരെ പോലീസിനെ രംഗത്തിറക്കാന്‍ പാടില്ലെന്നും കേരള ഹൈക്കോടതിയുടെ 2008 (4) കെ എച്ച് സി 669 നമ്പര്‍ വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സാമ്പത്തിക നേട്ടങ്ങള്‍ മാത്രം പരിഗണിച്ച് കോര്‍പറേഷന്‍ നല്‍കിയ അനുമതിയുടെ ബലത്തില്‍ റിലയന്‍സ് കമ്പനി ടവര്‍ നിര്‍മാണവുമായി മുന്നോട്ട്‌പോകുകയാണ്. ഗുണ്ടായിസം ഉപയോഗിച്ച് കോര്‍പറേഷനിലെ ക്രമക്കേടുകളെ മൂടിവെക്കാനും അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുമാണ് ശ്രമിക്കുന്നത്. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് മേയറെ കാണാന്‍ ശ്രമിച്ചെങ്കിലും സമയമില്ലെന്നാണ് മറുപടി ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ വി പ്രശാന്ത്, കണ്‍വീനര്‍ എന്‍ പി റിജുലേഷ് പങ്കെടുത്തു.

Latest