Connect with us

National

മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡെ അറസ്റ്റില്‍

Published

|

Last Updated

maoistഭുവനേശ്വര്‍: ഒഡീഷയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഗഞ്ചാം ജില്ലയില്‍ ബെര്‍ഹാംപൂര്‍ ടൗണിലെ ബഡാ ബസാറില്‍ വെച്ചായിരുന്നു അറസ്റ്റ്. ആയുധങ്ങളും വെടിമരുന്നും മാവോയിസ്റ്റ് രേഖകളും ഇയാളുടെ ഒളികേന്ദ്രത്തില്‍ നിന്ന് പിടിച്ചതായി പോലീസ് പറഞ്ഞു.

കൊലപാതകങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയായ സബ്യസാചി, 2008ല്‍ മുതിര്‍ന്ന വി എച്ച് പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയേയും മറ്റ് നാല് പേരേയും കണ്ഡമാലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. 2012ല്‍ മാര്‍ച്ചില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയതിലും ഒരു ഡസനിലേറെ പോലീസുകാരെ കൊല ചെയ്തതിലും നയാഗഢിലെ ആയുധപ്പുര കൊള്ളയടിച്ചതിലും ഇയാള്‍ പ്രതിയാണ്. സബ്യസാചിയെ പിടികൂടാന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മറ്റ് നേതാക്കളുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് 2012 ആഗസ്തില്‍ ഒഡീഷ മാവോവാദി പാര്‍ട്ടിയുണ്ടാക്കി. നിരോധിക്കപ്പെട്ട സി പി ഐ(മാവോയിസ്റ്റ്) പാര്‍ട്ടിയുടെ ഒഡീഷ സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറിയായി ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. മാധ്യമങ്ങളുമായും മറ്റും പൊതു വേദിയില്‍ പ്രതികരിക്കുമ്പോള്‍ സുനില്‍ എന്ന പേരിലാണ് ഇയാള്‍ പരിചയപ്പെടുത്താറുള്ളത്.
ബഡാ ബസാറില്‍ ഒരു സഹായിയുടെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് സബ്യസാചിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേണ്ടത്ര അനുയായികളില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ഗഞ്ചാം, കണ്ഡമാല്‍, ഗജപതി, രായഗഡ ജില്ലകളില്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടാളികളില്‍ പലരേയും പോലീസ് പിടികൂടുകയും ഒട്ടേറെ പേര്‍ അധികൃതര്‍ക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. സബ്യസാചിയുടെ ഡെപ്യൂട്ടിയായിരുന്ന ഗോവിന്ദ മാജി എന്ന പ്രദീപിനെ ഗജപതി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചിരുന്നു.
സബ്യസാചിയുടെ ഭാര്യ മിലി എന്ന ശുഭശ്രിയെ നക്‌സലേറ്റ് ആയതിന്റെ പേരില്‍ 2010 ജനുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മിലിക്കെതിരെയുള്ള ചില കേസുകളില്‍ കോടതി അവരെ വെറുതെ വിടുകയും ചെയ്തു. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നയാഗഢ് ജില്ലയിലെ രണ്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഒഡീഷ പോലീസിനെ സംബന്ധിച്ച് സബ്യസാചിയുടെ അറസ്റ്റ് വലിയ വിജയമാണെന്ന് മുന്‍ ഡി ജി പി ഗോപാല്‍ നന്ദ അഭിപ്രായപ്പെട്ടു.

Latest