Connect with us

Kerala

അവിഹിത ബന്ധം: നാവിക സേന ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

Published

|

Last Updated

indian navyകൊച്ചി: സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ ദക്ഷിണ നാവിക ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ നാവികസേന സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. കമ്മഡോര്‍ അജയ് സിറോഹിയെയാണ് എന്‍ക്വയറി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നാവിക സേനയില്‍ നിന്ന് പുറത്താക്കിയത്. അവിഹിത ബന്ധത്തിന്റെ പേരില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ ഇത്തരം കടുത്ത നടപടി വരുന്നത് നാവിക സേനയില്‍ അത്യപൂര്‍വമാണ്.

സതേണ്‍ നേവല്‍ കമാന്‍ഡില്‍ ചീഫ് സ്റ്റാഫ് ഓഫീസര്‍ (ഓപ്പറേഷന്‍സ്) പദവിയില്‍ നിയമിക്കപ്പെട്ട കമ്മഡോര്‍ അജയിനെതിരെ തുല്യറാങ്കില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനാണ് കഴിഞ്ഞ വര്‍ഷം അവസാനം പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുമായി ഏറെ കാലമായി അജയ് സിറോഹി വഴിവിട്ട ബന്ധം പുലര്‍ത്തിവരികയായിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്കും കോളേജ് വിദ്യാര്‍ഥികളായ മക്കളുണ്ട്. സഹപ്രവര്‍ത്തകനുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ വിവാഹമോചനം നേടിയിരുന്നു. ഇതിന് ശേഷം ആറ് മാസം കഴിഞ്ഞാണ് സഹപ്രവര്‍ത്തകനെതിരെ മേലധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നാവികസേനാ മേധാവി ബോര്‍്ഡ ഓഫ് എന്‍ക്വയറിയെ നിയോഗിച്ചു. ഈ കമ്മീഷന് മുന്നില്‍ അജയ് സിറോഹി കുറ്റം സമ്മതിക്കുകയായിരുന്നു. അതിന്‌ശേഷമാണ് സിറോഹിക്കെതിരെ നടപടികള്‍ ആരംഭിച്ചത്. ആദ്യം ഇദ്ദേഹത്തെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സഹ ഓഫീസറുടെ ഭാര്യയുമായി ബന്ധം പുലര്‍ത്തിയതു വഴി അജയ് സിറോഹി ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് കമ്മീഷന്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള സാഹോദര്യം ഇല്ലാതാക്കുന്ന ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ വിധിയെഴുതി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കോര്‍ട്ട്മാര്‍ഷല്‍ നടത്താന്‍ വ്യവസ്ഥയുണ്ടെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോര്‍ട്ട്മാര്‍ഷല്‍ വിചാരണ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അജയ് സിറോഹിയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകും. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് അജയ് സിറോഹി.

Latest