വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഉക്രൈന്‍ സര്‍ക്കാര്‍

Posted on: July 18, 2014 11:56 pm | Last updated: July 18, 2014 at 11:56 pm

malasian flight crashകീവ്: മലേഷ്യന്‍ യാത്രാ വിമാനം ഉക്രൈനില്‍ തകര്‍ന്നതിനു പിന്നില്‍ വിമതരാണെന്ന് തെളിയിക്കുന്ന ശബ്ദരേഖയുമായി ഉക്രൈന്‍ സര്‍ക്കാര്‍ രംഗത്ത്. അപകടമുണ്ടായ മേഖലയില്‍ ഉക്രൈന്‍ മിസൈല്‍ റഡാറില്‍ കുടുങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. വിമാനം ആക്രമിക്കപ്പെട്ടതാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ സര്‍ക്കാറും വിമതരും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെയാണ് ശബ്ദരേഖയുമായി ഉക്രൈന്‍ സര്‍ക്കാര്‍ രംഗത്തെത്തുന്നത്. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഉക്രൈന്‍ പുറത്തുവിട്ടത്. ഉക്രൈനിന്റെ സൈനിക വിമാനമാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ അനുകൂല വിമതര്‍ യാത്രാ വിമാനം ആക്രമിച്ചതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ശബ്ദരേഖകളാണ് പുറത്തുവന്നത്. ശബ്ദരേഖയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ വിമാനം വ്യാഴാഴ്ചയാണ് ഉക്രൈന്‍- റഷ്യ അതിര്‍ത്തി പ്രദേശത്ത് തകര്‍ന്നുവീണത്. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. റഷ്യന്‍ അനുകൂല വിമതരും ഉക്രൈന്‍ സര്‍ക്കാറും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയിലാണിത്. ഭൂതല മിസൈല്‍ സംവിധാനം ഉപയോഗിച്ച് വിമാനം ആക്രമിക്കുകയായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ആക്രമണം നടത്തിയത് തങ്ങളല്ലെന്ന നിലപാടാണ് വിമതര്‍ സ്വീകരിച്ചത്. വിമതര്‍ക്ക് ലഭിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് റഷ്യക്ക് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, വിമാന ദുരന്തത്തില്‍ മരിച്ച 181 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തകര്‍ന്നുവീണ വിമാനത്തില്‍ പതിനഞ്ച് ജീവനക്കാര്‍ ഉള്‍പ്പെടെ 298 പേരാണ് ഉണ്ടായിരുന്നത്. മുഴുവന്‍ പേരും മരിച്ചതായാണ് കരുതുന്നത്. യാത്രക്കാരില്‍ 189 പേര്‍ നെതര്‍ലാന്‍ഡ്‌സുകാരാണ്. ഇന്ത്യക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ പ്രദേശങ്ങളില്‍ നിന്നായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
വിമാനം വെടിവെച്ചിട്ടതിനെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന നിലപാടുമായി ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. റഷ്യന്‍ പിന്തുണയുള്ള വിമതരാണ് ആക്രമണം നടത്തിയതെന്ന നിലപാടിലാണ് യു എസ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കു മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം കൂടുതല്‍ ശക്തമാക്കിയേക്കും. ഉപരോധം ശക്തമാക്കുമെന്ന സൂചനകളാണ് ജര്‍മനിയും യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും നല്‍കുന്നത്.