പടിഞ്ഞാറത്തറ ടൗണില്‍ പാര്‍ക്കിംഗ്് സൗകര്യം ഇല്ല; ഗതാഗത തടസം പതിവാകുന്നു

Posted on: July 18, 2014 9:31 am | Last updated: July 18, 2014 at 9:31 am

പടിഞ്ഞാറത്തറ: ടൗണില്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാല്‍ ഗതാഗത തടസം പതിവാകുന്നു.
ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പു മുട്ടുമ്പോഴും വിനോദസഞ്ചാര കേന്ദ്രമായ പടിഞ്ഞാറത്തറയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. പാര്‍ക്കിംഗിന് സ്ഥലമില്ലാത്തതിനാല്‍ റോഡിന്റെ ഇരുവശങ്ങളിലുമാണ് ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്നത്. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തത് ഇവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ടാക്‌സി ജീപ്പുകള്‍ നിര്‍ത്തിയിടാന്‍ സ്റ്റാന്‍ഡില്‍ സൗകര്യമില്ലാത്തതിനാല്‍ റോഡിനോടു ചേര്‍ന്നാണ് നിര്‍ത്തുന്നത്. സ്റ്റാന്‍ഡില്‍ കയറാതെ സ്വകാര്യ ബസുകള്‍ റോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നത് ടൗണില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പലപ്പോഴും ടൗണില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ബസുകള്‍ പൂഴിത്തോട് വഴിയാണ് സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടത്. എന്നാല്‍ മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ മെയിന്‍ റോഡില്‍ നിന്നും നേരെ സ്റ്റാന്‍ഡില്‍ കയറുകയാണ് പതിവ്. ചിലസമയങ്ങളില്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറില്ല. ടൗണില്‍ പൊലീസ് സാന്നിധ്യമുണ്ടെങ്കില്‍ മാത്രമാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുക. ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനാല്‍ ടൗണില്‍ നിന്നും മാറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ്. കല്‍പ്പറ്റയിലേക്ക് തിരിയുന്ന ഭാഗത്ത് അഴുക്കുചാല്‍ ഇല്ലാത്തതിനാല്‍ റോഡിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.
അഴുക്കുവെള്ളം കാല്‍നടയാത്രക്കാരുടെ ദേഹത്താണ് പതിക്കുന്നത്. ടൗണിലെ നടപാതയുടെ സ്ലാബുകള്‍ മുഴുവനും പൊട്ടിതകര്‍ന്ന് കിടക്കുകയാണ്. വിനോദസഞ്ചാരികളുമായി ബാണാസുര ഡാമിലേക്ക് വരുന്ന ബസുകള്‍ ജംഗ്ഷനില്‍ നിന്നും താഴോട്ട് തിരിക്കുന്നതും ഗതാഗതക്കുരുക്കിന് പുറമെ അപകടസാധ്യതക്കും കാരണമാകുന്നുണ്ട്. സ്റ്റാന്‍ഡില്‍ കയറാതെ മെയിന്‍ റോഡില്‍ നിര്‍ത്തിയിടുന്ന ബസുകളെ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കുകയും സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചാല്‍ ഒരുപരിധിവരെ ഗതാഗതക്കുരുക്ക്് പരിഹരിക്കാന്‍ കഴിയും. വിനോദസഞ്ചാര മേഖലയായ പടിഞ്ഞാറത്തറയില്‍ വികസന രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കാലനുസൃതമായി മാറ്റങ്ങള്‍ വരുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടി വേണം.