Connect with us

Wayanad

ഷാഡോ എക്‌സൈസ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

മാനന്തവാടി: കേരള പോലീസ് ആവിഷ്‌കരിച്ച ഷാഡോ പോലീസിന്റെ മാതൃകയിലുള്ള ഷാഡോ എക്‌സൈസ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പുതു തലമുറയെ ലക്ഷ്യമിട്ട് നടത്തുന്ന ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്താനും മദ്യപാനികളെ ബോധവത്ക്കരിക്കാനുമാണ് ഷാഡോ എക്‌സൈസ് രംഗത്തിറങ്ങിയിരിക്കുന്നത്. 20 അംഗങ്ങളെങ്കിലുമുണ്ടാകണമെന്നാണമെന്നാണ് നിര്‍ദ്ദേശമെങ്കിലും ജില്ലയില്‍ എക്‌സൈസിന് അംഗ ബലം കുറവായതിനാല്‍ ആദ്യഘട്ടത്തില്‍ പരിശീലനം ലഭിച്ച അഞ്ച് പേരാണ് ഷാഡോ എക്‌സൈസായി സേവനം ആരംഭിച്ചിരിക്കുന്നത്. അസി: കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് വിവരങ്ങള്‍ ക്രോഡീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ആള്‍ തിരക്കുള്ള പ്രദേശത്തും കോളേജ്, വിദ്യാലയം തുടങ്ങിയവയുടെ സമീപ പ്രദേശത്തും കേന്ദ്രീകരിച്ചാണ് ഈ വിഭാഗം പ്രവര്‍ത്തനം നടത്തുക.
വനിതാ ഗാര്‍ഡുമാരുള്‍പ്പെടെയുള്ള സംഘം കുട്ടികളുള്‍പ്പെടെയുള്ളവരെ കൃത്യമായി നിരീക്ഷിക്കുകയും ലഹരി ഉപയോഗമുണ്ടെന്നറിഞ്ഞാല്‍ അവര്‍ക്ക് കൃത്യമായ ബോധവത്ക്കരണം നല്‍കുകയും ചെയ്യും. മദ്യപരില്‍ വലിയൊരു ശതമാനവും പ്രായപൂര്‍ത്തിയെത്താത്തവരുണ്ടെന്നുള്ള പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് മദ്യപരെ കണ്ടെത്തി അവര്‍ക്ക് ബോധവത്ക്കരണം നടത്താനുമുള്ള പ്രവര്‍ത്തനം എക്‌സൈസ് വകുപ്പ് സജീവമാക്കുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുകള്‍ സ്ഥിരമായി കുട്ടികള്‍ക്ക് നല്‍കുന്നവരെ കൃത്യമായി പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കുകയാണ് ഷാഡോ എക്‌സൈസിന്റെ പ്രധാന ലക്ഷ്യം. ജില്ലയില്‍ അതിര്‍ത്തിയില്‍ നിന്നുമെത്തുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ഹലരി വസ്തുക്കള്‍ പിടകൂടുകയും, നാടന്‍ വാറ്റ് തടയുകയുമാണ് ഷാഡോ എക്‌സൈസിന്റെ പ്രധാന പ്രവര്‍ത്തനം.