ഫലസ്തീന്‍ ജനതക്ക് നഗരത്തിന്റെ ഐക്യദാര്‍ഢ്യം

Posted on: July 18, 2014 9:27 am | Last updated: July 18, 2014 at 9:27 am

കോഴിക്കോട്: ഗാസയില്‍ സയണിസ്റ്റ് ഭീകരര്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ ദുരിതം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് നഗരത്തിന്റ ഐക്യദാര്‍ഢ്യം.
സ്ത്രീകളും കുട്ടികളും അടക്കം നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്‌റാഈല്‍ നടപടിയെ അപലപിച്ചും ഫലസ്തീന്റെ ചെറുത്തുനില്‍പ്പിന് പിന്തുണ അറിയിച്ചും നിരവധി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മകളുമാണ് നഗരത്തില്‍ നടന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ആഹ്വാന പ്രകാരം നഗരത്തിലെ പ്രമുഖ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കം നൂറ്കണക്കിന് പേരാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയ കൂട്ടായ്മയായ കാലിക്കറ്റ് കണ്‍വെഷന്‍സ്, സി ഐ ടി യു, എഫ് എസ് ഇ ടി ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പ്രതിഷേധങ്ങളാണ് നടന്നത്.
ഫലസ്തീനുമേല്‍ ഈസ്‌റാഈല്‍ സൈന്യം നടത്തുന്ന അതിക്രമം ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ആക്രമണം നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യസമ്മര്‍ദം ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിനുമുന്നില്‍ സംഘടിപ്പിച്ച കൂട്ടായ്മ കെ ഇ എന്‍ കുഞ്ഞഹമ്മദ് ചിത്രംവരച്ച് ഉദ്ഘാടനം ചെയ്തു. ഏകധ്രുവലോകത്തിന്റെ കൊലവിളിയാണ് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കെ ഇ എന്‍ പറഞ്ഞു. ഇസ്‌റാഈല്‍ നടത്തുന്ന അക്രമത്തില്‍ ഇന്ത്യ തുടരുന്ന മൗനം സാമ്രാജ്യത്വത്തിന് മുമ്പിലുളള കുമ്പിടലാണ്. ഔപചാരികമായെങ്കിലും നിലനിന്ന ചേരിചേരാനയത്തിന് മുന്നില്‍ മരണത്തിന്റെ മുദ്രപതിപ്പിച്ചിരിക്കുകയാണ് നരേന്ദ്രമോദി. ഫലസ്തീനില്‍ കുറെ മനുഷ്യര്‍ മരിച്ചുവീഴുന്നുവെന്നല്ല, ഒരു ചരിത്രം കുഴിച്ചുമൂടുന്നുവെന്ന് നാം മനസ്സിലാക്കണമെന്നും കെ ഇ എന്‍ കൂട്ടിച്ചേര്‍ത്തു. ഡി ഡി ഇ ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം എല്‍ ഐ സി കോര്‍ണറില്‍ സമാപിച്ചു.
ഇസ്‌റാഈലിനെതിരെ മുദ്രാവാക്യം ഉയര്‍ത്തി നൂറ്കണക്കിന് വിദ്യാര്‍ഥികളാണ് കാലിക്കറ്റ് കണ്‍വെഷന്‍സിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത്. ബീച്ചില്‍ കോര്‍പറേഷന്‍ ഓഫീസ് മുതല്‍ ലയണ്‍സ് പാര്‍ക്ക് വരെയാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ഇന്നലെ ഉച്ചക്ക് മൂന്നിന് നടന്ന പരിപാടിയില്‍ ഫാറൂഖ് കോളജ്, ദേവഗിരി കോളജ്, ആര്‍ട്‌സ് കോളജ്, പ്രൊവിഡന്‍സ് കോളജ്, ജെ ഡി ടി ഇസ്‌ലാം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ബീച്ച് പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളും അണിനിരന്നു. തുടര്‍ന്ന് ബീച്ചില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തി. സാംസ്‌കാരിക പ്രവര്‍ത്തകരായ എന്‍ പി ഹാഫിസ് മുഹമ്മദ്, കെ അജിത, ഫോട്ടോഗ്രാഫര്‍ അജീബ് കൊമാച്ചി മുഖ്യാതിഥികളായിരുന്നു.
വൈകിട്ട് മൂന്ന് മണിയോടെയാണ് സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ മുതലക്കുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റിയ പ്രതിഷേധ റാലി നടന്നത്.