സര്‍ക്കാറിന്റെ സൗകര്യങ്ങള്‍ പുനഃപരിശോധിക്കും

Posted on: July 18, 2014 1:15 am | Last updated: July 18, 2014 at 1:15 am

തിരുവനന്തപുരം: സംസ്ഥാനത്തെ 12 സ്വാശ്ര മെഡിക്കല്‍ കോളജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. ബാക്കി അംഗീകാരം ലഭിച്ച കെ എം സി ടി, ട്രാവന്‍കൂര്‍ മെഡിസിറ്റി എന്നീ കോളജുകള്‍ ഉടന്‍ കരാറില്‍ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തുടര്‍ അംഗീകാരം ലഭിക്കാത്ത കോളജുകളില്‍ ഗോകുലം, മലബാര്‍ മെഡിക്കല്‍ കോളജുകള്‍ അംഗീകാരം ലഭിച്ചാലുടന്‍ കരാര്‍ ഒപ്പിടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യമന്ത്രി. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെ ഇപ്പോള്‍ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ കരുണ മെഡിക്കല്‍ കോളജും സര്‍ക്കാറുമായുള്ള കേസ് നിലനില്‍ക്കുന്നു. ആരോഗ്യസര്‍വകലാശാലയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ തുടരുന്നത് പുനഃപരിശോധിക്കും.

കണ്ണൂര്‍, ഗോകുലം, മലബാര്‍ എന്നീ മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ തുടര്‍ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. എം ഇ എസിന് ന്യൂനപക്ഷപദവിയുള്ളതിനാല്‍ സ്വയം പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 14 കോളജുകളുമായിട്ടാണ് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടേണ്ടത്. ഇതില്‍ 12 കോളജുകളുമായാണ് ഇതിനകം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഡെന്റല്‍ കോളജുകളും സര്‍ക്കാറുമായി കരാര്‍ ഒപ്പിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളജുകളും സര്‍ക്കാറുമായി ധാരണയിലെത്തി. അംഗീകാരം ലഭിച്ച കോളജുകള്‍ സര്‍ക്കാറുമായി ധാരണയുണ്ടാക്കാന്‍ തയാറായില്ലെങ്കില്‍ അവര്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് ആരോഗ്യ സര്‍വകലാശാല തീരുമാനമെടുത്തിട്ടുണ്ട്.
ഈ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ 1,250 സീറ്റുകളും സ്വാശ്രയ മേഖലയില്‍ ഇതുവരെ ഒപ്പിട്ട 12 കോളജുകളില്‍ 675 സീറ്റുകളും, പരിയാരം മെഡിക്കല്‍ കോളജിലെ 50 സീറ്റുകളും ഉള്‍പ്പെടെ 1,975 സീറ്റുകള്‍ സര്‍ക്കാറിന് മെരിറ്റടിസ്ഥാനത്തില്‍ പ്രവേശം നടത്തുന്നതിന് ലഭ്യമാണ്. ഈ വര്‍ഷം 25 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധികമായി പ്രവേശനം നടത്താന്‍ കഴിയും. ചില സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നതിന് വിട്ടുനല്‍കാന്‍ വിരോധമില്ലെന്ന് മാനേജ്‌മെന്റുകള്‍ സമ്മതിച്ചിട്ടുണ്ട്. മാനേജ്‌മെന്റിന്റെ 50 ശതമാനം സീറ്റില്‍ എപ്രകാരം പ്രവേശനം നടത്തണമെന്നതുസംബന്ധിച്ച് മാത്രമായിരുന്നു മാനേജ്‌മെന്റുകളുടെ പ്രശ്‌നം. സുപ്രീം കോടതി ഉത്തരവ് വന്നശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്നും മന്ത്രി അറിയിച്ചു.