ചൂളം വിളിച്ച് ‘ഏറനാട് കരിഓയില്‍ വണ്ടി’ വീണ്ടുമെത്തി

Posted on: July 18, 2014 1:14 am | Last updated: July 18, 2014 at 1:14 am

കണ്ണൂര്‍: കരിഓയിലില്‍ കുളിച്ച ഏറനാട് എക്‌സ്പ്രസ് കരി കളയാതെ വീണ്ടുമെത്തി. കരിയില്‍ മുങ്ങിയ ട്രെയിന്‍ വൃത്തിയാക്കി സര്‍വീസ് നടത്തുന്നതിന് പകരം നൂറുകണക്കിന് യാത്രക്കാരെ വിഡ്ഢികളാക്കിയാണ് റെയില്‍വേ വീണ്ടും കരിഓയില്‍ വണ്ടി ട്രാക്കിലിറക്കിയത്.

കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പുറപ്പെട്ട ഏറനാട് എക്‌സ്പ്രസിന്റെ എന്‍ജിനില്‍ നിന്ന് പയ്യന്നൂര്‍- ഏഴിമല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടക്ക് വെച്ച് ഓയില്‍ ലീക്കായതിനെ തുടര്‍ന്ന് ബോഗികളും ചില യാത്രക്കാരും കരിഓയിലില്‍ കുളിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് 2.15 ഓടെ കണ്ണൂരില്‍ എത്തിച്ചേര്‍ന്ന നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസിലും ഇതേ ബോഗികള്‍ തന്നെയാണുണ്ടായിരുന്നത്. ബോഗികളുടെ ഉള്‍വശം വൃത്തിയാക്കിയിരുന്നെങ്കിലും പുറത്തെ അവസ്ഥ കരിപുരണ്ടതായിരുന്നു. ബോഗികളില്‍ തൊട്ടാല്‍ കരിഓയില്‍ ദേഹത്ത് പറ്റിപ്പിടിക്കുന്നുണ്ടായിരുന്നു. ജനലിന് സമീപം ഇരിക്കുന്നവര്‍ അറിയാതെ കമ്പികളില്‍ തൊട്ടാലും കരിഓയില്‍ വസ്ത്രത്തില്‍ പുരളും. ലഗേജ് വെക്കാനുള്ള സ്ഥലങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. പിറകില്‍ നിന്നുള്ള രണ്ട് ബോഗികളുടെ പുറത്ത് പൂര്‍ണമായും കരിഓയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. ബാക്കിയുള്ള ബോഗികളിലും കരിഓയില്‍ പടര്‍ന്നതിന്റെ പാടുകളുണ്ട്.
കരിഓയില്‍ അഭിഷേകം നടത്തിയ ട്രെയിനിന്റെ ബോഗികള്‍ നാഗര്‍കോവിലിലെത്തി മെയിന്റനന്‍സ് ജോലികള്‍ പൂര്‍ത്തിയാക്കിയാണ് മംഗലാപുരത്തേക്ക് പുറപ്പെട്ടത്. നാഗര്‍കോവിലില്‍ വെച്ച് പൂര്‍ണമായും വൃത്തിയാക്കാത്ത ബോഗികള്‍ വീണ്ടും ഏറനാട് എക്‌സ്പ്രസിന് ഉപയോഗിച്ചത് യാത്രക്കാരില്‍ പ്രതിഷേധത്തിന് കാരണമായി. പലരും റെയില്‍വേ അധികൃതരുടെ തലതിരിഞ്ഞ നടപടിയെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ കരിഓയില്‍ അഭിഷേകം സാങ്കേതിക തകരാറെന്ന് പറയാമായിരുന്നുവെങ്കിലും ഇന്നലെ വീണ്ടും അതേ ബോഗികള്‍ യാത്രക്ക് ഉപയോഗിച്ചതില്‍ നിന്ന് അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കുമായിരുന്നില്ല. അതേസമയം കരിവണ്ടി ‘ചരിത്ര സ്മാരക’ മാക്കാനുള്ള ഒരുക്കത്തിലാണോ റെയില്‍വേ എന്ന ചോദ്യവുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചപ്പോള്‍ ഒന്നുമറിയാത്തവരെ പോലെ ചിരിച്ചുതള്ളുകയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.