പ്രാര്‍ഥനാ സംഗമം 24ന്; മലപ്പുറം ഒരുങ്ങുന്നു

Posted on: July 18, 2014 1:05 am | Last updated: July 18, 2014 at 1:05 am

swalath nagarതിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം വിശ്വാസികളുടെ പങ്കാളിത്തമുള്ള റമസാന്‍ പ്രാര്‍ഥനാസംഗമം ഈ മാസം 24ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ, കാരുണ്യ മേഖലയില്‍ 30 സ്ഥാപന, സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി സംഗമം സംഘടിപ്പിക്കുന്നത്. ഭീകരതക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കുന്നുവെന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടന-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവത്കരണമാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. മഅ്ദിന്‍ ചെയര്‍മാനും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മഅ്ദിന്‍ ക്യാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന പ്രാര്‍ഥനാ പരിപാടിയുടെ വാര്‍ഷികവേദി കൂടിയാണ് റമസാന്‍ പ്രാര്‍ഥനാ സമ്മേളനം. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ഥനയും നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. രാത്രി ഒമ്പത് മണിയോടെ മുഖ്യവേദിയില്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രാര്‍ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9946623412, 9633158822. Website: www.mahdinonline.com, email: [email protected]