Connect with us

Eranakulam

ദേശീയ പാത: ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പരാജയമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമെന്ന് ഹൈക്കോടതി. സ്വകാര്യ സംരംഭകര്‍ക്കും പദ്ധതികള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കാട്ടുന്ന ഉത്സാഹം ദേശീയ പാതകളുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. ദേശീയ പാതകളുടെ വീതി 45 മീറ്ററായി നിശ്ചയിക്കണമെന്നും ഭൂമി ഏറ്റെടുക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് ദേശീയ പാത വികസന സംരക്ഷണ സമിതി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശം.
ആറന്മുള വിമാനത്താവള പദ്ധതികള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാട്ടിയ ഉത്സാഹവും സംസ്ഥാനത്ത് പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ കാട്ടിയ താത്പര്യവും ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ ഉണ്ടാകുന്നില്ല. ഈ നില തുടരുകയാണെങ്കില്‍ വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ഇത്തരം സാഹചര്യത്തില്‍ കോടതി നടപടികളെ ജുഡീഷ്യല്‍ ആക്ടിവിസമെന്ന് വിമര്‍ശിക്കരുതെന്നും ഡിവിഷന്‍ ബഞ്ച് ഓര്‍മപ്പെടുത്തി.