Connect with us

Gulf

സന്തോഷിന്റെയും കുടുംബത്തിന്റെയും മരണം; ആത്മഹത്യയെന്ന് പോലീസ്‌

Published

|

Last Updated

സന്തോഷ് കുമാര്‍ ഭാര്യ മഞ്ജുവിനോടും മകള്‍ ഗൗരിയോടുമൊപ്പം

ദുബൈ: ആലപ്പുഴ സ്വദേശി സന്തോഷ് കുമാറും (45) കുടുംബവും ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അറിയിച്ചു.

മകള്‍ ഗൗരിയെ (ഏഴ്) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സന്തോഷ്‌കുമാറും ഭാര്യ മഞ്ജുവും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ദുബൈയിലും അബുദാബിയിലും സന്തോഷ് ചിലര്‍ക്ക് നല്‍കിയ ചെക്ക് മടങ്ങിയിരുന്നു. മസീന പറഞ്ഞു. സന്തോഷിന്റെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.
കറാമയിലെ എക്‌സ്‌ക്ലൂസീവ് ജനറല്‍ മെയിന്റനന്‍സ് കമ്പനി ഉടമയാണ് സന്തോഷ്. കമ്പനിയില്‍ തുടക്കത്തില്‍ 35 ഓളം ജീവനക്കാരുണ്ടായിരുന്നു. വന്‍കിട മെയിന്റനന്‍സ് കമ്പനികള്‍ക്കു വേണ്ടി പെയിന്റിംഗ് ജോലി ഏറ്റെടുക്കുന്ന കമ്പനിയാണിത്. വന്‍കിട കമ്പനികള്‍ കുടിശ്ശിക വരുത്തിയപ്പോള്‍ സന്തോഷിന്റെ കമ്പനി നഷ്ടത്തിലായി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ സന്തോഷ് കുടുങ്ങി. ചില ബംഗ്ലാദേശി തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കി. ഇവരുടെ ശമ്പളം കടംവാങ്ങിയാണ് സന്തോഷ് നല്‍കിയത്. കേസ് ഒത്തുതീര്‍പ്പായി. നിലവില്‍ ആറോളം ജീവനക്കാരാണ് കമ്പനിക്കുള്ളത്. അവരില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ചിലര്‍ മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. അതേ സമയം, കമ്പനിയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ജീവനക്കാര്‍ സന്തോഷുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശി പ്രമോദിന്റെ അടക്കം ചിലരുടെ വിസ ഈ വര്‍ഷം അവസാനിക്കുന്നുണ്ട്. വിസ റദ്ദുചെയ്തു തരാമെന്ന് സന്തോഷ് വാഗ്ദാനം ചെയ്തിരുന്നു. കുവൈത്തിലായിരുന്ന സന്തോഷ് കുറച്ചുകാലം നാട്ടില്‍ സ്ഥിരതാമസമാക്കി. ഇതിനിടയിലാണ് സൗപര്‍ണിക എന്ന പേരില്‍ സിനിമാ വിതരണം തുടങ്ങിയത്. ആലപ്പുഴയില്‍ ഹൗസ്‌ബോട്ടും ഉണ്ടായിരുന്നു.
പിന്നീട് ദുബൈയിലെത്തി. താമസിയാതെ ഭാര്യ മഞ്ജുവിനെയും മകള്‍ ഗൗരിയെയും കൊണ്ടുവന്നു. സിനിമാ മേഖലയിലുള്ളവരുമായി ഈ കുടുംബത്തിന് അടുപ്പമുണ്ടായിരുന്നു. ചില താരങ്ങളും സംവിധായകരും സന്തോഷിന്റെ വീട്ടില്‍ എത്താറുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സന്തോഷിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സന്തോഷിന്റെയും കുടുംബത്തിന്റെയും തിരോധാനം സംബന്ധിച്ച് ബന്ധു ബിജു പോലീസില്‍ പരാതിപ്പെട്ടിരുന്നു. ദുബൈ പോലീസ് മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. ഒമാനില്‍ നിന്ന് സഹോദരന്‍ എത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest