ഗാസ: കേന്ദ്ര നിലപാട് തള്ളി രാജ്യസഭാ അധ്യക്ഷന്‍; ചര്‍ച്ചയ്ക്ക് റൂളിങ്

Posted on: July 17, 2014 1:52 pm | Last updated: July 17, 2014 at 1:52 pm

rajyasbhaന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ച് ചര്‍ച്ച വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യസഭാ അധ്യക്ഷന്‍ തള്ളി. രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹാമിദ് അന്‍സാരി വിഷയം ചര്‍ച്ച ചെയ്യാന്‍ റൂളിങ് നല്‍കി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.
വിഷയം ചര്‍ച്ച ചെയ്യുന്നത് ഇസ്രാഈലുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി സുമ സ്വരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഗാസ വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കേന്ദ്ര നിലപാട് തള്ളി ചര്‍ച്ചക്ക് അധ്യക്ഷന്‍ റൂളിങ് നല്‍കി. ചര്‍ച്ചക്കുള്ള സമയം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ചോദ്യോത്തര വേള മാറ്റിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. ഇത് സഭാ സ്തംഭനത്തിനിടയാക്കി. ഗാസാ വിഷയം ഇന്നലെ തന്നെ രാജ്യസഭയുടെ കാര്യപരിപാടിയില്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ വിഷയം ഉടന്‍ ചര്‍ച്ച ചെയ്യണമെന്നും ആയിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.