Connect with us

Articles

നഴ്‌സിംഗ് മേഖലയിലെ പ്രതിസന്ധി

Published

|

Last Updated

തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരെ നാട്ടിലെത്തിച്ചതിന്റെ ക്രെഡിറ്റ് ആര്‍ക്കെന്ന്് തര്‍ക്കവിഷയം. തീര്‍ച്ചയായും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേരള സര്‍ക്കാറും അഭിനന്ദനം അര്‍ഹിക്കുന്നു. അതങ്ങോട്ട് സമ്മതിച്ചു കൊടുക്കാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ഒന്നാലോചിച്ചാല്‍ അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്. ഇറാഖിലെ വിമതര്‍ അത്ര ഭീകര പ്രവര്‍ത്തകരോ സ്ത്രീകളെ ഉപദ്രവിച്ചു രസിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന പരപീഡാസക്തരോ അല്ലെന്നു സ്വാനുഭവത്തില്‍ നഴ്‌സുമാര്‍ പറയുന്നു. കറുപ്പ് ധരിച്ച് മുഖം മൂടി അണിഞ്ഞു തോക്ക് ചൂണ്ടി മനുഷ്യരെ പേടിപ്പിക്കുന്നവരെന്ന നിലയില്‍ തീവ്രവാദികളുടെ ചിത്രം പ്രസിദ്ധീകരിച്ച് അതിനു മുസ്‌ലിം എന്ന അടിക്കുറിപ്പ് കൂടി നല്‍കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ അതേ ശൈലി തന്നെയാണ് നമ്മുടെ മാധ്യമങ്ങളും പിന്തുടരുന്നത്. വിമത കലാപകാരികളുടെ തൊപ്പിയും താടിയും കുപ്പായവുമെല്ലാം നമ്മുടെ നാട്ടിലെ യാക്കോബായ മെത്രാന്മാരെ അനുസ്മരിപ്പിക്കുന്നു എന്നാണ് ഒരു നഴ്‌സ് പറഞ്ഞത്.
പല പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും “ഭീകരര്‍” ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളിലും കുറേയൊക്കെ കാര്യമുണ്ടെന്ന് നമുക്ക് ബോധ്യമായിരിക്കുന്നു. ആ നിലക്ക് നഴ്‌സുമാരുടെ സുരക്ഷിതമായ മടങ്ങിവരവില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഈ തീവ്രവാദികളോടാണ്.
46 ആരോഗ്യവതികളായ യുവതികള്‍ ഒരു മാസത്തോളം കാലം ആയുധധാരികളായ ഒരു പറ്റം യുവ തീവ്രവാദികളുടെ നിയന്ത്രണത്തിലായിരിക്കുക, സമയാസമയം ഭക്ഷണവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും കൃത്യമായി എത്തിച്ചു കൊടുക്കുക, മൊബൈല്‍ ഫോണില്‍ വേണ്ടപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കുക- ഇവരെ നമുക്കെങ്ങനെ ഭീകരരെന്നു വിളിക്കാന്‍ കഴിയും? ഒപ്പം യാത്ര ചെയ്യുമ്പോള്‍ പോലും എത്രയോ സംസ്‌കാരസമ്പന്നമായ പെരുമാറ്റമാണ് ആ ചെറുപ്പക്കാരില്‍ നിന്നുണ്ടായതെന്നു നമ്മുടെ പെണ്‍കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ സ്ഥാനത്ത് വല്ല അമേരിക്കന്‍ പട്ടാളക്കാരും ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പെണ്‍കുട്ടികളുടെ അവസ്ഥ? എന്തിനമേരിക്കന്‍ പട്ടാളം; നമ്മുടെ നാട്ടിലെ പട്ടാളക്കാര്‍ക്കു മുമ്പിലായിരുന്നു ഈ പെണ്‍കുട്ടികള്‍ വന്നുപെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഗതി? നമ്മുടെ സൈനികരും അര്‍ധസൈനികരും സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കു പരിഹാരം തേടിയാണല്ലോ ഇറോം ശര്‍മിള നിരാഹാര സമരം നടത്തുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇറാഖിലെ വിമത സേന ആരുടെയെങ്കിലും കൂലിപ്പട്ടാളം അല്ലെന്നും മറിച്ച് സഹജീവികളോട് പ്രതിബദ്ധത പുലര്‍ത്തുന്നവരും ഏതൊക്കെയൊ ആദര്‍ശങ്ങളാല്‍ പ്രചോദിതരുമാണെന്നാണ്. അവരുടെ നേരെ ലോകത്തിന്റെയാകെ ശ്രദ്ധ തിരിയേണ്ടതുണ്ട്.
നഴ്‌സുമാരുടെ പുനരധിവാസത്തെക്കുറിച്ചു ബന്ധപ്പെട്ടവര്‍ തല ചൂടായി ആലോചിക്കുമ്പോഴാണ് ഇറാഖിന്റെ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ടും കൂട്ടമായും ധാരാളം മലയാളി നഴ്‌സുമാര്‍ നാട്ടിലേക്കു മടങ്ങാന്‍ അവസരം കാത്തു കഴിയുന്നു എന്ന വാര്‍ത്ത വരുന്നത്. 46 നഴ്‌സുമാരെ തിരികെകൊണ്ടുവരാന്‍ അവരെ ബന്ദിയാക്കിയവര്‍ തന്നെ വഴിയൊരുക്കി. വെടിയൊച്ചകളെയും ബോംബ് ഭീഷണിയെയും നേരിട്ടുകൊണ്ട് സ്വന്തം തൊഴിലുടമകളാല്‍ ബന്ദികളാക്കപ്പെട്ട, പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചു വെച്ചിരിക്കുന്ന നാനൂറിലധികം നഴ്‌സുമാര്‍ ജന്മനാട്ടിലേക്കു തിരിച്ചുവരാന്‍ സഹായം തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നു പോലും. എല്ലാവര്‍ക്കും ജോലി നല്‍കും, വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളും തുടങ്ങിയ വാചകമടികള്‍ പോലെ എളുപ്പമല്ല വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടി സുഖജീവിതം നയിക്കാമെന്ന വ്യാമോഹത്തിനടിപ്പെട്ടു കഴിയുന്ന ഈ നാട്ടിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ നിറവേറ്റുക എന്നത്.
വിദേശ രാജ്യങ്ങളിലേക്കു തൊഴില്‍ തേടുന്നവരെയും തൊഴിലാളികളെ തേടുന്ന വിദേശ ഏജന്‍സികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഏജന്‍സിയാണ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ്ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍. ഒരു വകുപ്പ് മന്ത്രിയും തിരുവനന്തപുരത്തും ഡല്‍ഹിയിലുമൊക്കെ നല്ല ശമ്പളം പറ്റുന്ന ധാരാളം ഉദ്യോഗസ്ഥരും അടങ്ങുന്ന ഓഫീസുകളും ഈ സ്ഥാപനത്തിനുണ്ട്. ഇവരുടെ തലക്കു മുകളിലൂടെയാണ് മിക്ക അറബ് രാജ്യങ്ങളിലേക്കും തൊഴിലുകള്‍ക്ക് ആളെ നിയമിക്കുന്ന നൂറുകണക്കിനു സ്വകാര്യ ഏജന്‍സികള്‍ ഡല്‍ഹിയിലും മുംബൈയിലും ബംഗളൂരുവിലും കൊച്ചിയിലുമൊക്കെ പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫ് രാജ്യത്തേക്കു ഒരു സന്ദര്‍ശന വിസ തരപ്പെടുത്തി അവിടെ പറ്റിയ ജോലിയൊന്നും തരമായില്ലെങ്കില്‍ മടങ്ങിവന്നു റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങി പലരും കോടീശ്വരന്മാരായ ചരിത്രമുണ്ട്. ഇവര്‍ക്കു മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ല. കൊള്ളപ്പലിശക്കു കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും വിദ്യാഭ്യാസ വായ്പ എന്ന ബേങ്കുകളുടെ കെണിയില്‍ തല വെച്ചുകൊടുത്തും ആകെ നില്‍ക്കക്കള്ളിയില്ലാതെ നട്ടം തിരിയുന്ന ഈ ഇലനക്കിപ്പട്ടികളുടെ കിറിനക്കിപ്പട്ടികളായ ഏജന്റന്മാരുടെ കബളിപ്പിക്കലിനു വിധേയപ്പെട്ടവരെ ആര് പുനരധവസിപ്പിക്കും? എന്താണിത്തരം കൊള്ളയടിക്കല്‍ തടയാനുള്ള മാര്‍ഗം?
മടങ്ങിവന്നവരില്‍ ഏറെപ്പേരും മധ്യ തിരുവിതാംകൂറിലെ മുന്നാക്ക ക്രിസ്ത്യന്‍ കുടംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്. ഏതാണ്ടെല്ലാവരും രണ്ടും മൂന്നും ലക്ഷം രൂപ ബേങ്ക് വായ്പയെടുത്തു നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയവരാണ്. ഡല്‍ഹിയില്‍ തീരെ അപര്യാപ്തമായ വേതനം കൈപ്പറ്റി സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തു വരവെ, പത്ര പരസ്യങ്ങളില്‍ ആകൃഷ്ടരായി ഏജന്റന്മാര്‍ക്ക് മൂന്നും നാലും ലക്ഷം കമ്മീഷന്‍ നല്‍കി വിദൂരമായ രാജ്യത്ത് 30,000 മുതല്‍ 50,000 വരെയുള്ള പ്രതിമാസശമ്പളം സ്വപ്‌നം കണ്ട് വിമാനം കയറിയവര്‍. ഇപ്പോഴത്തെ അവരുടെ അവസ്ഥ പരിതാപകരമാണ്. പലര്‍ക്കും ജോലി ചെയ്ത മാസങ്ങളിലെ കൃത്യമായ വേതനം ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഇവരെ പുനഃരധിവസിപ്പിക്കുക എന്നത് നമ്മുടെ സര്‍ക്കാറിന് മുന്നില്‍ ഒരഭിമാന പ്രശ്‌നം തന്നെയാണ്. തത്കാലം ഇതു നടന്നുവെന്നു തന്നെ വിചാരിക്കുക. നാളെയും മറ്റെന്നാളും ഒക്കെയായി ഇനിയും എത്രയോ നഴ്‌സുമാരെ നമുക്കു മടക്കിക്കൊണ്ടുവരേണ്ടി വന്നാലോ? അപ്പോള്‍ ഇവര്‍ക്കു നല്‍കിയ ആനുകൂല്യങ്ങളെല്ലാം അവര്‍ക്കും നല്‍കേണ്ടി വരില്ലേ. അത്തരം കീഴ്‌വഴക്കങ്ങളെ നമ്മുടെതു പോലുള്ള ഒരു സംസ്ഥാനത്തിനു എത്ര കാലം പിന്തുടരാന്‍ കഴിയും? ഇത്തരം ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എന്നതു പോലെ നമ്മുടെ ആളുകളുടെ കാഴ്ചപ്പാടുകളെയും ചില ഉടച്ചുവാര്‍ക്കലിനു വിധേയമാക്കേണ്ടത്.
നാല്‍പ്പതുകളില്‍ ആണ് കേരളത്തില്‍, പ്രത്യേകിച്ചും ക്രൈസ്തവ സമുദായത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം തിരനോട്ടം നടത്തുന്നത്. 40കളില്‍പോയിട്ട് 50ുകളിലോ 60കളിലോ 70കളിലോ പോലും നഴ്‌സിംഗ് ഒരു ആകര്‍ഷണീയ തൊഴില്‍ രംഗമായി നമ്മുടെ സ്ത്രീകള്‍ കരുതിയിരുന്നില്ല. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ എന്ന ദീപമേന്തിയ വനിതയുടെയും കുഷ്ഠരോഗികളുടെ സുഹൃത്തെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ഫാദര്‍ ഡാമിയന്റെയും പാവങ്ങളുടെ അമ്മ എന്നു പേരെടുത്ത മദര്‍ തെരേസയുടെയും കഥകള്‍ പാഠപുസ്തകങ്ങളില്‍ നിന്നു നമ്മുടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പരിചയപ്പെട്ടിരുന്നെങ്കിലും അവരില്‍ നല്ല പങ്കും നഴ്‌സാകുന്നതിലും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് മഠത്തിലമ്മ (നണ്‍ അഥവാ കന്യാസ്ത്രീ) ആകാനായിരുന്നു.
ജീവിതത്തില്‍ ഒരു യഥാര്‍ഥ അമ്മയാകാന്‍ ആഗ്രഹിച്ച പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ അന്നുയര്‍ന്നു വന്ന സങ്കല്‍പ്പം ഭദ്രമായ കുടുംബജീവിതമായിരുന്നു. ഉദ്യോഗവും സമ്പത്തും ഉള്ള പുരുഷന്മാര്‍ പെണ്ണിനേക്കാള്‍ പ്രാധാന്യം നല്‍കിയത് പെണ്ണിന്റെ അപ്പന് നല്‍കാന്‍ കഴിയുന്ന സ്ത്രീധനത്തുകക്കായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്ണിന്റെ പഠിപ്പും അതേ തുടര്‍ന്നു ലഭിക്കാവുന്ന ഉദ്യോഗങ്ങളും സ്ത്രീധനത്തേക്കാള്‍ ലാഭകരമാണെന്ന തിരിച്ചറിവ് ഒരു വിഭാഗം പുരുഷന്മാര്‍ക്കുണ്ടാകുന്നത്. ടി ടി സി മലയാളം വിദ്വാന്‍, ഹിന്ദി വിദ്വാന്‍ തുടങ്ങിയ ചുളുവില്‍ അധ്യാപക ജോലി തരപ്പെടുത്താന്‍ കഴിയുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്കു പെണ്‍കുട്ടികള്‍ ഇരച്ചുകയറി. അധ്യാപക നിയമനത്തിനു മാനേജര്‍മാര്‍ക്കു കോഴ വാങ്ങിക്കാനുള്ള അവകാശം സര്‍ക്കാറും നാട്ടുകാരും എല്ലാം അംഗീകരിച്ചതോടെ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കോഴപ്പണവുമായി മാനേജര്‍മാര്‍ക്കു പിന്നാലെ പാഞ്ഞു. ഉദ്യോഗം തരമാക്കിയ പെണ്ണുങ്ങളില്‍ മിക്കവര്‍ക്കും അധ്യാപക പുരുഷന്മാരെ തന്നെ ഭര്‍ത്താവായും കിട്ടി. അങ്ങനെ അധ്യാപക ദമ്പതിമാരുടെ സംതൃപത കുടംബങ്ങള്‍ കേരളത്തിലാകെ ഉയര്‍ന്നു വന്ന ദശകമായിരുന്നു 1970കള്‍.
ഒരു ദശകം പിന്നിട്ടപ്പോള്‍ സ്ഥിതിയാകെ മാറി. മുമ്പ് എല്ലാവരുടെയും അവഗണന മാത്രം പേറി ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍ക്കു പൊടുന്നനവേ ഡിമാന്‍ഡ് വര്‍ധിച്ചു. പെട്രോഡോളറിന്റെ സമ്പത്ത് പൂത്തുലഞ്ഞു നിന്ന ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ നഴ്‌സുമാര്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നു കിടക്കുന്നുവെന്നു മനസ്സിലായതോടെ പത്താം ക്ലാസ്സ് കഴിഞ്ഞ പെണ്‍കുട്ടികള്‍ നഴ്‌സിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ അഭയം തേടിത്തുടങ്ങി. കേരളത്തില്‍ അക്കാലത്ത് നഴ്‌സിംഗ് പരിശീലനത്തിനു വളരെ പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഡല്‍ഹി, മുംെബെ, കൊല്‍ക്കത്ത തുടങ്ങിയ വന്‍ നഗരങ്ങളായിരുന്നു നഴ്‌സിംഗ് പരിശീലനാര്‍ഥികളെ മാടി വിളിച്ചുകൊണ്ടിരുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക് ഇന്ത്യയിലും വിദേശത്തും മെച്ചപ്പെട്ട വേതനത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചുതുടങ്ങിയപ്പോള്‍ വിവാഹ മാര്‍ക്കറ്റില്‍ നഴ്‌സുമാര്‍ക്കു വില ഉയര്‍ന്നു. ആദ്യമൊക്കെ പോലീസുകാര്‍, പട്ടാളക്കാര്‍ തുടങ്ങി തൊഴില്‍ സമയത്തിനു സ്ഥിരമായ ക്രമീകരണമൊന്നും ഇല്ലാതിരുന്ന പുരുഷന്മാര്‍ മാത്രമേ നഴ്‌സുമാരെ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നുള്ളു. ക്രമേണ ഈ സ്ഥിതി മാറി. നഴ്‌സുമാരുടെ ഭര്‍ത്താവാകുന്നത് തന്നെ മറ്റൊരു ഉദ്യോഗമായി കണക്കാക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിവന്നു. എങ്ങനെയും ഒരു നഴ്‌സിനെ വിവാഹം കഴിച്ചു വിദേശരാജ്യത്ത് കൂട് കെട്ടുക എന്നത് പല യുവാക്കളുടെയും ഒരു സ്വപ്‌നമായി. പാവം നഴ്‌സുമാര്‍ ആരുടെയൊക്കെ ചൂഷണത്തിനിരയാകുന്നു? സ്വന്തം മാതാപിതാക്കള്‍, സ്വന്തം ഭര്‍ത്താവ്, തൊഴിലുടമ നാലുപാടും…
നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ മറവില്‍ പണം അന്യ സംസ്ഥനത്തേക്കൊഴുകുന്നതിനു പരിഹാരമായിട്ടാണ് കേരളത്തില്‍ ഇത്രയധികം നഴ്‌സിംഗ് വിദ്യാലയങ്ങള്‍ അനുവദിച്ചത്. ഒരു കാലത്ത് ആന്ധ്രയിലും കര്‍ണാടകയിലും നിലനിന്നിരുന്ന നിലവാരം കുറഞ്ഞ അധ്യാപക പരിശീലന സ്ഥാപനങ്ങളുടെയും നഴ്‌സിംഗ് വിദ്യാലയങ്ങളുടെയും നിലവാരത്തിലേക്ക് കേരളത്തിലെ സ്ഥാപനങ്ങളും അധഃപതിച്ചിരിക്കുന്നു. ഇത്തരം സ്വാശ്രയസ്ഥാപനങ്ങള്‍ എണ്ണത്തിലല്ലാതെ മികവില്‍ യാതൊരു ശ്രദ്ധയും ചെലുത്തിയില്ല. നിലവാരം കുറഞ്ഞ ബാറുകളുടെ കാര്യതില്‍ പ്രകടിപ്പിച്ച ശുഷ്‌കാന്തി പോലും സര്‍ക്കാറോ മറ്റു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളോ നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പ്രകടിപ്പിച്ചില്ല. ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ഒരേസമയം പുറത്തിറങ്ങിയ അനേകായിരങ്ങള്‍ക്ക് അവരുടെ പ്രതീക്ഷപോലെ ഉദ്യോഗം ഉറപ്പാക്കി വിദേശത്തേക്ക് പറക്കാന്‍ കഴിഞ്ഞില്ല. അധികം പേരും ഇവിടെ ദിവസക്കൂലിക്കാരായി ആശുപത്രി മുതലാളിമാരുടെ ദയാദാക്ഷിണ്യങ്ങള്‍ക്കു വിധേയരായി പണിയെടുക്കേണ്ടി വന്നു.
ഇന്ത്യയില്‍ ഒരു 20,000 രൂപയെങ്കിലും ശമ്പളമായി ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് അന്യനാട്ടില്‍ അലഞ്ഞു തിരിയാന്‍ പോകുകയില്ലായിരുന്നു എന്നു പറയുമ്പോള്‍ ഇപ്പോള്‍ മടങ്ങി വന്നവരുടെ പുനരധിവാസത്തെക്കുറിച്ചു മുതലക്കണ്ണീര്‍ പൊഴിക്കുന്നവര്‍ ഇനി മടങ്ങിവരാന്‍ പോകുന്നവരുടെ കാര്യത്തില്‍ അര്‍ഥഗര്‍ഭമായ മൗനം അവലംബിക്കുന്നു. വിദ്യാഭ്യാസവും ആതുര ശുശ്രൂഷാരംഗവും ഒക്കെ സ്വാശ്രയഭീമന്മാര്‍ക്കു തടിച്ചു കൊഴുക്കാന്‍ പാകത്തില്‍ വിട്ടുകൊടുക്കുന്ന സര്‍ക്കാര്‍ അവിടെ ജോലി ചെയ്യുന്ന മനുഷ്യര്‍ക്കു മനുഷ്യോചിതമായി ജീവിക്കാന്‍ പര്യപ്തമായ പ്രതിഫലം ഉറപ്പ് വരുത്തേണ്ട ബാധ്യതകൂടി ഏറ്റെടുക്കേണ്ടതില്ലേ?
“തുല്യ ജോലിക്കു തുല്യ വേതനം” കാലഹരണപ്പെട്ട മുദ്രാവാക്യമായിക്കഴിഞ്ഞു. രാജ്യത്തൊരു സര്‍ക്കാര്‍ ഉണ്ടെന്ന തോന്നലുളവാക്കാന്‍ കുറേ പോലീസുകാരും കുറേ പട്ടാളക്കാരും മതിയെന്ന ധാരണ ഉപേക്ഷിക്കണം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അടിസ്ഥാന ശമ്പളം എങ്കിലും സ്വകാര്യ സ്ഥാപനമുടമകള്‍ തൊഴിലാളികള്‍ക്കു നല്‍കുന്നുണ്ടെന്നുറപ്പ് വരുത്താന്‍ കുറ്റമറ്റ സംവിധാനങ്ങളൊന്നും ഇന്ന് നമ്മുടെ നാട്ടിലില്ലെന്നതാണ് യാഥാര്‍ഥ്യം. അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ നിസ്സഹായതയില്‍ നിന്നു മുതലെടുത്തു വളരാന്‍ ഒരു ദുഷ്ടശക്തിയെയും അനുവദിച്ചുകൂടാ. നമ്മുടെ ആഭ്യന്തര തൊഴില്‍രംഗം ഏറെക്കുറെ സുരക്ഷിതവും തൃപ്തികരവും ആയാല്‍ അയല്‍ രാജ്യങ്ങളില്‍ നമ്മുടെ നാട്ടില്‍ നിന്നുദ്യോഗം തേടിയെത്തുന്നവര്‍ക്ക് ഇന്നത്തേതിലും മികച്ച പരിഗണനകള്‍ ലഭിക്കും. അന്യന്റെ വീട്ടിലെ ചോറ് കണ്ടുകൊണ്ട് സ്വന്തം വീട്ടില്‍ പട്ടിയെ വളര്‍ത്തരുതെന്നു പഴമക്കാര്‍ പറയുമായിരുന്നു. ഇപ്പോള്‍ ഇറാഖ് ഉയര്‍ത്തിയ വെല്ലുവിളി കേവലം പത്തോ നാല്‍പ്പതോ നഴ്‌സുമാരുടെ പുനരധിവാസം കൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന കാര്യം സര്‍ക്കാറുകള്‍ മനസ്സിലാക്കി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം.

Latest