Connect with us

Kozhikode

ഫലസ്തീനികള്‍ക്ക് വേണ്ടി പ്രാര്‍ഥനാ ദിനം ആചരിക്കുക: മുസ്‌ലിം സംഘടനാ നേതാക്കള്‍

Published

|

Last Updated

കോഴിക്കോട്: ഇസ്‌റാഈലിന്റെ ഏകപക്ഷീയ ആക്രമണങ്ങളും ക്രൂരമായ കൂട്ടക്കൊലകളും നിസ്സഹായരാക്കിയ ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥനാ ദിനം ആചരിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
ചരിത്രത്തിലെ കൊടുംക്രൂരതകളുടെ ധിക്കാരപരമായ ആവര്‍ത്തനമാണ് ഗാസയില്‍ #ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളുടെ പോലും ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ ആരെയും നടുക്കുന്ന കാഴ്ചയാണ്. മനുഷ്യ സ്‌നേഹമോ, സാമാന്യ മര്യാദകള്‍ പോലുമോ അജന്‍ഡയില്ലാത്ത കരാള രാഷ്ട്രമാണ് ഇസ്‌റാഈല്‍ എന്ന് ഒരിക്കല്‍ക്കൂടി അവര്‍ തെളിയിച്ചിരിക്കുന്നു. വംശീയ വിദ്വേഷവും ക്ഷുദ്ര മനോഭാവങ്ങളുമാണ് ഇസ്‌റാഈലിന്റെ മുദ്ര. ബ്രിട്ടീഷ് സാമ്രാജ്യത്വം ജന്മം നല്‍കിയ ഇസ്‌റാഈല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സംരക്ഷണത്തിലാണ് ഇന്നും നിലനില്‍ക്കുന്നത്. ആക്രമണം നിര്‍ത്തണമെന്ന യു എന്‍ നിര്‍ദേശം പോലും പരിഹാസപൂര്‍വം അവഗണിക്കാന്‍ ഇസ്‌റാഈലിന് സാധിക്കുന്നത് ഇക്കാരണത്താലാണ്. ഇത്ര സങ്കീര്‍ണമായൊരു സാഹചര്യത്തില്‍ മുസ്‌ലിം ഭരണകൂടങ്ങളും ജനങ്ങളും ക്രിയാത്മകമായ നിലപാട് സ്വീകരിക്കണം.
ഫലസ്തീന്‍ വിഷയത്തില്‍ മാനുഷിക മര്യാദകള്‍ പാലിച്ചുകൊണ്ടുള്ള നിലപാടാണ് മുന്‍കാലങ്ങളില്‍ ഇന്ത്യ പുലര്‍ത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന ഗാസ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവര്‍ക്ക് അല്ലാഹുവിന്റെ സഹായത്തിനായി പ്രാര്‍ഥിച്ചും വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് എല്ലാ ഇമാമുകളോടും തങ്ങള്‍ ആവശ്യപ്പെടുന്നു. വ്യക്തിപരമായ പ്രാര്‍ഥനകളില്‍ നിലനില്‍പ്പിനായി പൊരുതുന്ന ഗാസയെ ഉള്‍പ്പെടുത്താന്‍ എല്ലാ സഹോദരങ്ങളും ശ്രദ്ധിക്കണം.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിര ശബ്ദമുയര്‍ത്തുന്നതില്‍ മുന്‍നിരയിലുള്ള കേരളത്തിലെ സാംസ്‌കാരിക സമൂഹം ഈ വിഷയത്തിലും ചുമതല നിര്‍വഹിക്കുമെന്ന് പ്രത്യാശിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (സംസ്ഥാന പ്രസിഡന്റ് മുസ്‌ലിം ലീഗ്), കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ), കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ(സമസ്ത ചേളാരി വിഭാഗം), ടി ആരിഫലി (ജമാഅത്തെ ഇസ്‌ലാമി), ടി പി അബ്ദുല്ലക്കോയ മദനി (പ്രസിഡന്റ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), സി പി ഉമര്‍ സുല്ലമി (നദ്‌വത്തുല്‍ മുജാഹിദീന്‍), തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി (സെക്രട്ടറി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അബ്ദുശുക്കൂര്‍ മൗലവി അല്‍ ഖാസിമി (അംഗം ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്), നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍ (പ്രസിഡന്റ് എം ഇ എസ്), പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് (സെക്രട്ടറി സുന്നി വിദ്യാഭ്യാസ ബോര്‍ഡ്), എന്‍ജിനീയര്‍ മമ്മദ്‌കോയ (സെക്രട്ടറി എം എസ് എസ്) എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Latest