കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരെഞ്ഞടുപ്പ് 24ന്‌

Posted on: July 16, 2014 12:46 pm | Last updated: July 16, 2014 at 12:46 pm

കൊല്ലങ്കോട്: പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 24ന്. രാവിലെ 11നു പ്രസിഡന്റ് സ്ഥാനത്തേക്കും ഉച്ചയ്ക്കു രണ്ടിനു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണു തിരഞ്ഞെടുപ്പ് നടക്കുന്നത്.
കൊല്ലങ്കോട് ശിശുവികസന പദ്ധതി ഓഫിസര്‍ രാധാലക്ഷ്മിയാണു വരണാധികാരി. തിരഞ്ഞെടുപ്പിനു ഏഴു ദിവസം മുന്‍പ് പഞ്ചായത്ത് അംഗങ്ങള്‍ക്കു ഇതു സംബന്ധിച്ചുള്ള നോട്ടീസ് നല്‍കണമെന്നതിനാല്‍ ഇന്നു തന്നെ എല്ലാ പഞ്ചായത്തംഗങ്ങള്‍ക്കും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീയതി അറിയിച്ചു കൊണ്ടുള്ള കത്തു നല്‍കും. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്.
ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുയും വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസിലെ നാലംഗങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു അവിശ്വാസത്തിനു അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തതോടെയാണു കോണ്‍ഗ്രസ്ഭരണസമിതി അധികാരത്തിനു പുറത്താവുന്നത്. പതിനെട്ടംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഒന്‍പത്, സിപിഎം എട്ട്, സിപിഐ ഒന്ന് എന്നിങ്ങനെയായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷമുള്ള കക്ഷി നില.—
യു ഡി എഫിനും എല്‍ഡിഎഫിനും തുല്യ അംഗങ്ങളായതിനെ തുടര്‍ന്നു നടന്ന നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ സിപിഎമ്മിനും ലഭിക്കുകയായിരുന്നു.