കെ എസ് ഇ ബി കുടിശ്ശിക അടക്കാനാകാതെ ഗുണഭോക്തൃ സമിതികള്‍ വെള്ളം കുടിക്കുന്നു

Posted on: July 16, 2014 12:45 pm | Last updated: July 16, 2014 at 12:45 pm

പാലക്കാട്:വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഗാര്‍ഹിക കുടിവെള്ള പദ്ധതികളുടെ വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചതു കെഎസ്ഇബി അറിഞ്ഞില്ല; കുടിശിക അടക്കാനാകാതെ ഗുണഭോക്തൃസമിതികള്‍ വെള്ളം കുടിക്കുന്നു.
2013 മേയ് മുതല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഗാര്‍ഹിക കുടിവെള്ള പദ്ധതികളുടെ നിരക്ക് 1.50 രൂപയില്‍ നിന്നു 2. 20 രൂപയാക്കിയിരുന്നു. ജൂലൈയില്‍ ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കി. ഏറ്റവും കുറഞ്ഞ നിരക്കായ 1.50 രൂപക്കു തൊട്ടു മുകളിലുള്ള താരിഫായി 2.20 രൂപ ഏര്‍പ്പെടുത്താനായിരുന്നു വിജ്ഞാപനം. കെഎസ്ഇബിയുടെ സോഫ്റ്റ്‌വെയര്‍ പുതുക്കിയപ്പോള്‍ 2.20 രൂപയാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. അതിനാല്‍ കെ എസ് ഇ ബി ജീവനക്കാരാവട്ടെ പഴയ നിരക്കില്‍ ബില്‍ നല്‍കി വന്നു. രണ്ടുമാസം മുന്‍പു നടന്ന ഓഡിറ്റിങ്ങിലാണ് അപാകത കണ്ടെത്തിയത്.
2013 മേയ് മുതല്‍ 2014 ഏപ്രില്‍ വരെയുള്ള ബാക്കി തുക ഗുണ‘ോക്തൃസമിതികളില്‍ നിന്ന് ഈടാക്കാന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി. ഇപ്രകാരം 8,000 രൂപ മുതല്‍ 80,000 രൂപ വരെ വൈദ്യുതി വകുപ്പിന് അടയ്ക്കാനുള്ള സമിതികളുണ്ട്.
ഗുണഭോക്തൃസമിതികള്‍ക്കു പുറമെ പഞ്ചായത്ത് ഭരണസമിതികള്‍ നേരിട്ടു നടത്തുന്ന കുടിവെള്ള പദ്ധതികള്‍ക്കും വന്‍ തുക കുടിശികയുണ്ട്. പഞ്ചായത്തുകള്‍ക്കു പ്രത്യേക ഫണ്ട് ഉള്‍പ്പെടുത്താമെന്നിരിക്കെ ഗുണഭോക്തൃസമിതികളുടെ പ്രവര്‍ത്തനമാണ് അവതാളത്തിലായത്. ജലനിധി പോലുള്ള കുടിവെള്ള പദ്ധതികളുടെ നടത്തിപ്പു
ചുമതല ഗുണഭോക്തൃസമിതികള്‍ക്കാണ്. വൈദ്യുതി നിരക്കും അറ്റകുറ്റപ്പണികള്‍ക്കുള്ള പണവും ഗുണഭോക്താക്കള്‍ പിരിച്ചെടുത്തു പ്രവര്‍ത്തനം മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുമ്പോഴാണു ബാക്കി തുക കൂടി അടയ്ക്കണമെന്നാവശ്യപ്പെട്ട് കെ എസ്ഇ ബി അധികൃതര്‍ രംഗത്തു വന്നത്. കെ എസ് ഇ ബി അധികൃതര്‍ക്കു വന്ന വീഴ്ചയ്ക്ക് ഷോക്ക് ഏല്‍ക്കുന്നതു മിനി കുടിവെള്ള പദ്ധതികള്‍ക്കാണ്. ബാക്കി തുക കര്‍ശനമായും അടയ്ക്കണമെന്നാണു നിര്‍ദേശം. ബാക്കി തുക അടക്കാത്ത പക്ഷം വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിക്കുമോയെന്ന ആശങ്കയിലാണു ഗുണഭോക്തൃസമിതികള്‍.