Connect with us

Ongoing News

പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ തത്വത്തില്‍ ധാരണ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറിയില്ലാത്ത പഞ്ചായത്തുകളില്‍ പുതുതായി പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ധാരണ.

സംസ്ഥാനത്തെ 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് മുന്നോട്ടുപോകാനാണ് യോഗത്തിലുണ്ടായ ധാരണ. പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികബാധ്യതയെക്കുറിച്ച് പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇന്നുചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
സാമ്പത്തികബാധ്യത പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വലിയ സാമ്പത്തികബാധ്യത സര്‍ക്കാറിന് തങ്ങാനാകില്ല. എന്നാല്‍ സര്‍ക്കാറിന്റെ കഴിവിനനുസരിച്ച് പരമാവധി സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്‌കൂളുകളില്‍ ഒരു ക്ലാസ് കൂടി തുടങ്ങേണ്ട സാമ്പത്തിക ബാധ്യതയേ വരുന്നുള്ളൂ. പുതിയ സ്‌കൂള്‍ അനുവദിക്കുന്നതിലൂടെ 243 കോടിയുടെ ബാധ്യത വരില്ല. വടക്കന്‍ മേഖലയിലെ സ്‌കൂളുകള്‍ നേരിടുന്ന സീറ്റുകളുടെ ക്ഷാമം പരിഗണിക്കാന്‍ ആ മേഖലയില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ സ്‌കൂളുകള്‍ തുടങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല. 165 കോടിയുടെ സാമ്പത്തികബാധ്യതയുണ്ടാകുമെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കിയ കണക്ക്.
എന്നാല്‍, 243 കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ധനവകുപ്പ് യോഗത്തില്‍ നിലപാടെടുത്തു. തുടര്‍ന്ന് ഇന്നലെ വീണ്ടും മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂളുകള്‍ അനുവദിക്കാത്തതിനാല്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസമന്ത്രി യോഗത്തില്‍ വിവരിച്ചു. തുടര്‍ന്ന് സാമ്പത്തികവശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
വലിയ സാമ്പത്തികബാധ്യതയില്ലാത്ത ഫോര്‍മുല രൂപവത്കരിക്കണമെന്ന നിര്‍ദേശമുയര്‍ന്നതോടെ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറിയില്ലാത്ത 148 പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ അനുവദിക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, 136 പഞ്ചായത്തുകളില്‍നിന്ന് മാത്രമാണ് അപേക്ഷ ലഭിച്ചത്.

---- facebook comment plugin here -----

Latest