ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 80 ശതമാനവും സാധാരണക്കാര്‍

Posted on: July 16, 2014 12:28 am | Last updated: July 16, 2014 at 1:33 am
gaza
ഗാസ സിറ്റിയിലെ യു എന്‍ സ്‌കൂളില്‍ തുറന്ന അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍

ജനീവ: ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 80 ശതമാനവും സാധാരണക്കാരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ക്കുണ്ടായ ആഘാതത്തെ പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തെ കുറിച്ച് ആശങ്ക പരത്തുന്നതാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 182 ആയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് ഫോര്‍ ദ കോഓഡിനേഷന്‍ ഓഫ് ഹ്യൂമനിറ്റേറിയന്‍ അഫയേഴ്‌സ് (ഓക) കണക്കനുസരിച്ച് കഴിഞ്ഞ ഏഴാം തീയതി മുതല്‍ തുടങ്ങിയ ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 77 ശതമാനവും സാധാരണക്കാരാണ്. കൊല്ലപ്പെട്ട 138 പേരുടെ കണക്കെടുക്കുമ്പോള്‍ 36 പേര്‍ കുട്ടികളാണ്. 1361 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ 390 പേര്‍ കുട്ടികളും 250 പേര്‍ സ്ത്രീകളുമാണ്.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് വീടുകളും പള്ളികളും ആക്രമിച്ചതെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുന്നെങ്കിലും മരിച്ചുവീഴുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. സാധാരണക്കാരുടെ വീടുകള്‍ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് യു എന്‍ പറയുന്നു. താമസത്തിന് വേണ്ടി ഉപയോഗിക്കുന്ന വീടുകള്‍ ലക്ഷ്യം വെക്കുന്നത് നിയമപരമായ സൈനിക ആക്രമണ ലക്ഷ്യങ്ങളല്ലെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1250 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം പേര്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുടിവെള്ള വിതരണം നടത്തുന്ന പൈപ്പുകള്‍ ധാരാളമായി തകര്‍ന്നിട്ടുണ്ട്.
പതിനായിരക്കണക്കിന് പേര്‍ ഗാസയിലെ ഐക്യ രാഷ്ട്ര സഭയുടെ അഭയാര്‍ഥി ക്യാമ്പുകളിലെത്തിയിട്ടുണ്ട്. ഗാസ സിറ്റിയിലെ യു എന്‍ നടത്തുന്ന സ്‌കൂളില്‍ 17,000 പേര്‍ ഉണ്ട്. ആക്രമണം നടത്തുന്നതിന് മുമ്പ് പൊട്ടാത്ത മിസൈല്‍ വീടുകള്‍ക്ക് മീതെ വീഴ്ത്തുന്ന ഇസ്‌റാഈലിന്റെ യുദ്ധതന്ത്രവും യു എന്‍ റിപ്പോര്‍ട്ടില്‍ ഏറെ വിമര്‍ശിക്കുന്നുണ്ട്. രാത്രി താമസക്കാരെ ഉണര്‍ത്താനാണ് ഇതെന്ന് ഇസ്‌റാഈല്‍ സൈന്യം പറയുന്നുണ്ടെങ്കിലും പൊട്ടാതെ വീടിന് മുകളില്‍ കിടക്കുന്ന മിസൈലുകള്‍ ഏറെ ഭീഷണിയുയര്‍ത്തുന്നതാണ്.
‘ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധങ്ങള്‍ കാരണം ദാരിദ്ര്യം, തൊഴിലില്ലായ്മ, ഭക്ഷ്യ ക്ഷാമം തുടങ്ങിയ പ്രതിസന്ധികള്‍ വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന ഗാസയില്‍ ആക്രമണം തുടര്‍ച്ചയായി നിലനിര്‍ത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് പുതിയ ആക്രമണങ്ങളെന്ന് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ യു എന്നിന്റെ മനുഷ്യാവകാശ കോഓഡിനേറ്റര്‍ ജെയിംസ് റാവ്‌ലി പറഞ്ഞു. ‘പുതിയ ആക്രമണത്തില്‍ പരുക്കേറ്റ ഗാസയിലെ കുട്ടികള്‍ക്കൊപ്പം മാത്രമല്ല തന്റെ ചിന്തകള്‍, മറിച്ച് ഭയവും അരക്ഷിതാവസ്ഥയും നേരിടുന്ന ഗാസയിലെ മൊത്തം കുട്ടികള്‍ക്കുമൊപ്പമാണ്. ഭയവും അരക്ഷിതാവസ്ഥയും ഒരു യാഥാര്‍ഥ്യം മാത്രമല്ല, ജീവിതത്തിലുടനീളം സഹിക്കേണ്ട വലിയ തഴമ്പായി അത് മാറും.’ അദ്ദേഹം പറഞ്ഞു.