യു ഡി എഫ് കൗണ്‍സിലര്‍മാര്‍ കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മേയര്‍

Posted on: July 15, 2014 9:42 am | Last updated: July 15, 2014 at 9:42 am

kudumbasree photo-knrകോഴിക്കോട്: കള്ള പ്രചാരണങ്ങളും അഴിമതി ആരോപണങ്ങളും ഉന്നയിച്ച് കുടുംബശ്രീയെ തകര്‍ക്കാന്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നുവെന്ന് മേയര്‍ എ കെ പ്രേമജം.
ഇ- ഷോപ്പിനെതിരേയും കിയോസ്‌ക് സ്ഥാപിച്ചതിനെതിരെയും അഴിമതി ആരോപണം ഉന്നയിക്കുന്നത് കൗണ്‍സിലിനെ അപകീര്‍ത്തിപ്പെടുത്താനും സ്ത്രീശാക്തീകരണത്തിന് മാതൃകപരമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെ തകര്‍ക്കാനുമാണ്. 2013 – 14 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഇ- ഷോപ്പ് പദ്ധതി പ്രൊജക്ട് തയ്യാറാക്കി കൗണ്‍സിലും ജില്ലാ ആസുത്രണ സമിതിയും അംഗീകരിച്ചതിന് ശേഷമാണ് നടപ്പാക്കിയതെന്നും മേയര്‍ എ കെ പ്രേമജം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുടുംബശ്രീയെ തങ്ങളുടെ വരുതിയിലാക്കാന്‍ താത്പര്യത്തിന് അനുസരിച്ച് പ്രൊജക്ട് ഓഫീസര്‍ പ്രവര്‍ത്തിക്കാത്തതാകും യു ഡി എഫിന്റെ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നാതായും മേയര്‍ ആരോപിച്ചു.
കോര്‍പറേഷന്‍ സ്ഥാപിച്ച ഇ- ടൊയ്‌ലറ്റിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇതിനടുത്ത് ഇ- ഷോപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്. രണ്ട് തവണ കൗണ്‍സില്‍ അംഗീകരിക്കുകയും ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് രേഖാമൂലം കത്ത് നല്‍കിയിട്ടും യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ്. ഇ ഷോപ്പിന് 50,000 രൂപയില്‍ താഴെയെ വരുമെന്നാണ് യു ഡി എഫ് പ്രചാരണം. എന്നാല്‍ സ്മാര്‍ട്ട്കാര്‍ഡ്, സെന്‍സര്‍, സി സി ടി വി എന്നീ സൗകര്യങ്ങളുള്ള ഇത്തരമൊരു ബങ്കിന് 2,60,000 രൂപയാണെന്ന് പദ്ധതിയില്‍ വ്യക്തമാക്കിയിരുന്നു. ഇ- ഷോപ്പില്‍ വില്‍ക്കാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും കൗണ്‍സിലില്‍ അവതരിപ്പിച്ച ഫയലിലുണ്ട്.
നഗരത്തിലെ സേവന സന്നദ്ധരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്കും യാചകര്‍ക്കും നല്‍കുന്ന ഡ്രസ് ബേങ്ക് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് പറയുന്നതില്‍ യു ഡി എഫിന്റെ തരംതാഴ്ന്ന രാഷ്ട്രീയം വ്യക്തമാകുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ സംബന്ധിച്ചു.