മഴ കനത്തു: നാല് മരണം

Posted on: July 15, 2014 6:00 am | Last updated: July 15, 2014 at 12:33 am

Heavy-rains-Newskeralaതിരുവനന്തപുരം/ കണ്ണൂര്‍: സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ കനത്തു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മഴക്കെടുതിയില്‍ ഒമ്പത് വയസ്സുകാരനടക്കം നാല് പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പതിനെട്ട് ആയി. രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി. വടക്കന്‍ ജില്ലകളിലാണ് കൂടുതലും നാശനഷ്ടം. ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണ് കണ്ണൂരില്‍ സ്ത്രീ മരിച്ചു. ഇരിക്കൂര്‍ കൊളപ്പ അഞ്ചാംപീടികയിലെ കുഞ്ഞിരാമന്റെ ഭാര്യ പാരിക്കല്‍ ജാനകി (50) ആണ് മരിച്ചത്. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ സമീപത്തെ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ചെറുപുഴക്ക് സമീപം കാര്യങ്കോട് പുഴയില്‍ കാണാതായ ഗോപാലകൃഷ്ണനും പാലപ്പുഴയില്‍ നിന്ന് ആറളം ഫാമിലേക്കുള്ള പാലത്തില്‍ നിന്ന് വീണ് ഒഴുകിപ്പോയ ബാലകൃഷ്ണനും വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കോഴിക്കോട്ടെ കുറ്റിയാടി, നാദാപുരം മേഖലകളില്‍ 41 വീടുകള്‍ തകര്‍ന്നു. കാസര്‍കോട്ട് മുപ്പതും മലപ്പുറത്ത് പത്തും വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മലയോര മേഖലകളില്‍ പലയിടത്തും വൈദ്യുതിബന്ധം തടസ്സപ്പെട്ടു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജെട്ടിയില്‍ നിന്നുളള ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നു. കോഴിക്കോട് കക്കയം ഡാമിനടുത്തും കാസര്‍കോട് പുല്ലൂരിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയില്‍ 801 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. 3477.65 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ആകെ 87 വീടുകള്‍ പൂര്‍ണമായും 955 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 338.77 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയില്‍ ഒന്നും വയനാട് രണ്ടും ക്യാമ്പുകളാണ് തുറന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട്ടിലെ പൂക്കോട്ടാണ്, പതിനഞ്ച് സെന്റീ മീറ്റര്‍. കാസര്‍കോട് ജില്ലയിലെ കുടുലു പതിമൂന്ന് സെന്റി മീറ്ററും കോഴിക്കോട്, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പന്ത്രണ്ട് സെന്റി മീറ്ററും മഴ ലഭിച്ചു. തളിപ്പറമ്പ്, കരിപ്പൂര്‍, പിറവം, ഇടുക്കി, വടകര വൈത്തിരി എന്നിവിടങ്ങളില്‍ പത്ത് സെന്റി മീറ്ററും കണ്ണുര്‍, തലശ്ശേരി, മട്ടന്നൂര്‍, പീരുമോട് ഒമ്പത് സെന്റി മീറ്ററും മഴ ലഭിച്ചു.
രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 55 കിലോ മീറ്റര്‍ വരെ വേഗമുള്ള കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.