Connect with us

National

തൊഴിലുറപ്പ് പദ്ധതിയിലെ പുതുക്കിയ കൂലി: മുന്‍കാല പ്രാബല്യം വേണമെന്ന് കോടതി

Published

|

Last Updated

supreme courtന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പരിഷ്‌കരിച്ച വേതന നിലവാരം ഏപ്രില്‍ ഒന്നിന്റെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സുപ്രീം കോടതി. ഫെബ്രുവരി 13നാണ് പുതിയ വേതന ഘടന യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇതുപ്രകാരം ബീഹാറിലെ വേതനം 16.6 ശതമാനം വര്‍ധിച്ച് പ്രതിദിനം 153 രൂപയാകും. ഝാര്‍ഖണ്ഡില്‍ 14.9 ശതമാനമാണ് വര്‍ധന. ഇവിടെ ദിവസക്കൂലി 158 രൂപയാകും. ആന്ധ്രാ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളില്‍ 14.8 ശതമാനമാണ് വര്‍ധന. വര്‍ധന നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ജസ്റ്റിസുമാരായ എസ് ജെ മുഖോപാധ്യായ, എസ് എ ബോബ്‌ദെ എന്നിവരടങ്ങിയ ബഞ്ച് അംഗീകരിച്ചില്ല.

2011 മുതല്‍ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം പരിഷ്‌കരിക്കുന്നുണ്ടെങ്കിലും പന്ത്രണ്ടിലധികം സംസ്ഥാനങ്ങളില്‍ മിനിമം കൂലിയേക്കാള്‍ കുറവാണിത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന മിനിമം വേതന നിയമത്തിനനുസരിച്ച് തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ പോയി. വിശദമായി വാദം കേട്ട പരമോന്നത കോടതി ജനുവരിയില്‍ ഹൈക്കോടതി വിധി ശരിവെച്ചു.

മിനിമം വേതനം ഉറപ്പ് വരുത്തേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. വര്‍ധിപ്പിച്ച വേതനം നല്‍കുവാന്‍ 1000 കോടി രൂപയെങ്കിലും അധികം വേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ബജറ്റില്‍ നീക്കി വെച്ചത് 353 കോടി മാത്രമാണ്. 2006ല്‍ പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ മിനിമം കൂലി പ്രഖ്യാപിക്കുകയായിരുന്നു. 2008ല്‍ ഉപഭോക്തൃ വില സൂചികക്കനുസരിച്ച് വേതനം നിശ്ചയിക്കുന്ന സംവിധാനം ആവിഷ്‌കരിച്ചു.

Latest