ബി ജെ പിയുടെ പിന്തുണയോടെയുള്ള അധ്യക്ഷ സ്ഥാനം സി പി എം രാജി വെക്കും

Posted on: July 13, 2014 6:00 am | Last updated: July 12, 2014 at 11:02 pm

പാലക്കാട്: ബി ജെ പി പിന്തുണയില്‍ കിട്ടിയ സ്ഥാനം രാജിവെയ്ക്കാനുള്ള നിര്‍ദ്ദേശം സി പി എം നേതൃത്വത്തിനുള്ള തിരിച്ചടിയായി. ബി ജെ പി പിന്തുണയോടെ ലഭിച്ച പാലക്കാട് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനാണ് സി പി എം വനിതാ കൗണ്‍സിലര്‍ക്ക് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.
ഫലത്തില്‍ വി എസ് പക്ഷത്തിന് സ്വാധീനമുള്ള പാലക്കാട് ഏരിയാ കമ്മിറ്റിക്കെതിരെയുള്ള ഔദ്യോഗികപക്ഷത്തിന്റെ നടപടി കൂടിയായി ഈ തീരുമാനം. കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ബി ജെ പിയും സി പി എമ്മും ഒരുമിച്ച് നീങ്ങുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പോസ്റ്ററുകളുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നതോടെയാണ് തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാനും വി എസ് പക്ഷത്തിന് നേരെ ആയുധമാക്കാനും ഔദ്യോഗികപക്ഷം തീരുമാനം എടുത്തത്.
നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്താണ് കൗണ്‍സിലറായ കമല ജി. മേനോന്‍ ഏരിയാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ന്നത്. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏരിയാ സെക്രട്ടറി തന്നെ ഇവരോട് രാജിവെക്കാന്‍ ആവശ്യം നല്‍കിയിട്ടുണ്ട്. 14ന് ഇവര്‍ രാജിക്കത്ത് നല്‍കും.
ദേശീയ-സംസ്ഥാനതലങ്ങളില്‍ സി പി എം, ബി ജെ പിയെ ശക്തമായി എതിര്‍ക്കുമ്പോള്‍ പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് സി പി എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. എട്ട് അംഗ പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ കോണ്‍ഗ്രസിന് നാലും സി പി എം, ബി ജെ പി കക്ഷികള്‍ക്ക് രണ്ടും വീതം അംഗങ്ങളാണുള്ളത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്ന ബി ജെ പി തങ്ങളുടെ രണ്ട് അംഗങ്ങളുടെ വോട്ട് സി പി എം സ്ഥാനാര്‍ത്ഥി കമല ജി. മേനോന് നല്‍കുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം സാവിത്രിക്കും സി പി എം സ്ഥാനാര്‍ത്ഥിക്കും നാലു വീതം വോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു കമല ജി. മേനോനെ വിജയിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ടിട്ടും തല്‍സ്ഥാനം രാജിവെച്ചാല്‍ അയോഗ്യത കല്‍പ്പിക്കുമെന്നതിന്റെ പേരിലാണ് ഏരിയാ കമ്മിറ്റിയുടെ പിന്തുണയോടെ അവര്‍ അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നത്. ഇത് പാര്‍ട്ടിക്കുള്ളിലും വിവാദമുയര്‍ത്തിയിരുന്നു.