Connect with us

Wayanad

കാട്ടിക്കുളം സ്‌കൂളിലെ കുടിവെളള പ്രശ്‌നം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു

Published

|

Last Updated

കല്‍പ്പറ്റ: കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുടിവെളള പ്രശ്‌നവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയാ കേസ്സെടുത്തു. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം സ്‌കൂളില്‍ സന്ദര്‍ശനം നടത്തി വിദ്യാത്ഥി പ്രതിനിധികള്‍, പി.റ്റി.എ. ഭാരവാഹികള്‍, സ്‌കൂള്‍ സ്റ്റാഫ് പ്രതിനിധി, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തി.
1584 കുട്ടികള്‍ ഒന്നു മുതല്‍ പത്തു വരെയുളള ക്ലാസ്സുകളില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഇവരില്‍ 600 പേര്‍ വിവിധ ആദിവാസി വിഭാഗങ്ങളില്‍ ഉളളവരാണ്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുളള പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ ആകെ എണ്ണം രണ്ടായിരത്തോളമാകും.
കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെളളം സ്‌കൂളില്‍ ലഭിക്കാതായിട്ട് ഏകദേശം ഒരു മാസമായി. ദിവസേന ഭീമമായ തുക നല്‍കി പാചകപ്പുരയിലേക്കടക്കമുളള വെളളം വാങ്ങാനാവശ്യമായ സാമ്പത്തിക സ്ഥിതി സ്‌കൂളിന് സ്വന്തമായില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിലവിലുണ്ടായിരുന്ന വാട്ടര്‍ പൈപ്പ് ദ്രവിച്ചു പോയ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി തന്നെ കണക്ഷന്‍ വിച്ഛേദിക്കുകയാണുണ്ടായത്. ബദല്‍ സംവിധാനങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെ സ്‌കൂളിലേക്കുളള പൈപ്പ് നീക്കം ചെയ്ത നടപടി ഗൗരവതരമായി കാണുന്നു.
മഴക്കാലത്ത് റോഡ് മുറിച്ച് പുതിയ പൈപ്പിടാന്‍ പി.ഡബ്ലു.ഡി. അനുവാദം നല്‍കുന്നില്ല എന്നതാണ് വാട്ടര്‍ അതോറിറ്റിയില്‍ ഇപ്പോഴുളള പ്രശ്‌നം എന്ന് അവര്‍ അറിയിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അനുവാദം കിട്ടിയാല്‍ തന്നെ കണക്ഷന്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ അരലക്ഷം രൂപയോളം ചെലവു വരുമെന്നതാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നേരിടുന്ന പ്രശ്‌നം. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണ് സ്‌കൂളിലെ ജലലഭ്യത എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിലയിരുത്തി.
പ്രശ്‌നത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് റോഡ് മുറിച്ച് പൈപ്പിടാന്‍ സ്‌പെഷ്യല്‍ പെര്‍മിഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ലു.ഡി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ക്കും അടിയന്തിരമായി വാട്ടര്‍ കണക്ഷന്‍ പുനസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ മാനന്തവാടി അസി. എഞ്ചിനിയര്‍ക്കും ജില്ലാ പഞ്ചായത്തില്‍ നിന്നോ കളക്ടറുടെ ഏതെങ്കിലും പ്രത്യേക ഫണ്ടില്‍ നിന്നോ പ്രവര്‍ത്തിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാനുളള നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ പ്രിന്‍സിപ്പാളിനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ് നല്‍കി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് ഉത്തരവ് ലഭിച്ച് പത്ത് ദിവസത്തിനകം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കല്‍പ്പറ്റയില്‍ നടന്ന സിറ്റിംഗില്‍ മെമ്പര്‍മാരായ ഡോ.പി.ലക്ഷമണന്‍, അഡ്വ.എന്‍.ജി.ബാലസുബ്രമണിയന്‍, ഡോ.ബെറ്റി, റ്റി.ബി.സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Latest