Connect with us

Kerala

കാര്‍ത്തികേയന്‍ മന്ത്രിസഭയിലേക്ക്; അനൂപ് തെറിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാനിക്കാറായതോടെ മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. സ്പീക്കര്‍ പദവി രാജി വെക്കാന്‍ ജി കാര്‍ത്തികേയന്‍ സന്നദ്ധത അറിയിച്ചതോടെ ചര്‍ച്ചകള്‍ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. കെ ബി ഗണേഷ് കുമാറിനെ തിരികെയെത്തിക്കാനാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെങ്കില്‍ ഗണേഷിന്റെ പുനഃപ്രവേശം തടയാനുള്ള തന്ത്രപരമായ നീക്കമായി ചര്‍ച്ചകള്‍ വഴിമാറുകയാണ്. ഒരു എം എല്‍ എ മാത്രമുള്ള പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്നാണ് ഇപ്പോഴത്തെ ആലോചന. അങ്ങനെ വന്നാല്‍, ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന് പുറത്തേക്കുള്ള വഴി തെളിയും. ഇനി ഗണേഷ് കുമാറിനെ കൂടി മന്ത്രിസഭയിലെടുക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ പുനഃസംഘടന കൂടുതല്‍ വിപുലമാകും. ഒന്നിലധികം കോണ്‍ഗ്രസ് മന്ത്രിമാര്‍ പുറത്തു പോകേണ്ടിയും വരും.
ലയനത്തോടെ ആര്‍ എസ് പി മൂന്ന് എം എല്‍ എമാരുള്ള പാര്‍ട്ടിയായി. അതിനാല്‍ ഷിബു ബേബിജോണിന് പുനഃസംഘടന ഭീഷണിയാകില്ല. അനൂപിനെ ഒഴിവാക്കിയാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യത്തിന് തടയിടാനുമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയതാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിക്കുകയും ചെയ്തു. കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തി ധാരണയുണ്ടാക്കാനാണ് നിര്‍ദേശം.
നിയമസഭാ സമ്മേളനം തുടങ്ങിയതോടെ തുടങ്ങിവെച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ചില മാറ്റങ്ങളിലൂടെ മന്ത്രിസഭയുടെ മുഖം മിനുക്കേണ്ടത് അനിവാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പുനഃസംഘടന വന്നാല്‍ നഷ്ടം തങ്ങള്‍ക്കാകുമെന്ന ബോധ്യമുള്ളതിനാല്‍ ഐ ഗ്രൂപ്പ് തുടക്കം മുതല്‍ ഇതിനെ എതിര്‍ക്കുകയാണ്. ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കേണ്ടെന്ന നിലപാടാണ് ഐ ഗ്രൂപ്പിനുള്ളത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ഗണേഷിനെ തിരിച്ചെടുക്കുന്നതിനോട് താത്പര്യമില്ല. മന്ത്രിസഭയിലും വകുപ്പുകളിലുമുള്ള മേധാവിത്വം നഷ്ടപ്പെടുമെന്ന ആശങ്കയാണ് പുനഃസംഘടനയെ എതിര്‍ക്കാന്‍ ഐ ഗ്രൂപ്പിനെ പ്രേരിപ്പിച്ചിരുന്നത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് സ്പീക്കര്‍ പദവിയില്‍ നിന്നുള്ള ജി കാര്‍ത്തികേയന്റെ രാജിസന്നദ്ധത. മന്ത്രിയാകാന്‍ വേണ്ടിയല്ലെന്നും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ വേണ്ടിയാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം.
ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനെയോ ഇപ്പോള്‍ മന്ത്രിസഭയിലുള്ള ആരെയെങ്കിലുമോ സ്പീക്കറാക്കുകയെന്ന നിര്‍ദേശമാണ് ഉയരുന്നത്. മന്ത്രി കെ സി ജോസഫിനാണ് പ്രഥമ പരിഗണന. ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍, കെ മുരളീധരന്‍, സി പി മുഹമ്മദ് തുടങ്ങിയ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു. അനൂപ് ജേക്കബിനെ ഒഴിവാക്കിയാല്‍ യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള ബെന്നി ബഹ്‌നാന് നറുക്ക് വീഴും. എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായ ബെന്നി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ്. മുഖ്യമന്ത്രിയുമായി വലിയ അടുപ്പമുള്ള കെ സി ജോസഫ് സ്പീക്കറായാല്‍ ആ വിടവ് നികത്തുകയെന്ന ലക്ഷ്യം കൂടി ബെന്നിയെ കൊണ്ടുവരുന്നതിനുള്ള ആലോചനകള്‍ക്ക് കാരണമായിട്ടുണ്ട്.