Connect with us

Thrissur

റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയ വാഹനം പോലീസില്‍ ഏല്‍പ്പിച്ചു

Published

|

Last Updated

ഇരിങ്ങാലക്കുട: റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വാഹനത്തിന്റെ ചില്ലുകള്‍ നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ചെട്ടിയാല്‍ തേക്കുംമൂല റോഡിലെ കൊതറ പാലത്തിന് സമീപത്ത് മാലിന്യം തള്ളി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിന്റെ വാഹനമാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ നാട്ടുകാരെ കണ്ട് ഓടി രക്ഷപ്പെട്ടു. കെ എല്‍ 41 ഡി 1270 എന്ന രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ലോറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം അങ്കമാലി സ്വദേശിയായ കുഞ്ഞുമോന്‍ എന്നയാളുടെതാണ് പിടിയിലായ വാഹനം. കഴിഞ്ഞ ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളിലായി പല സ്ഥലങ്ങളിലും കക്കൂസ് മാലിന്യം തള്ളിയത് ഈ സംഘമാണെന്ന് സംശയിക്കുന്നു. രാത്രി പരിശോധനയില്ലാത്തതിനാല്‍ പ്രദേശത്തുള്ള പൊതുനിരത്തിലും റോഡരികിലും ടാങ്കര്‍ ലോറികളിലെത്തിക്കുന്ന കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്നും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളില്‍ വഴിവിളക്കില്ലാത്തതും അധികം വാഹനയാത്രക്കാരില്ലാത്തതും കക്കൂസ് മാലിന്യം ഒഴുക്കുന്നവര്‍ക്ക് സഹായമാവുന്നുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കാട്ടൂര്‍ പോലീസ് മാലിന്യം നിക്ഷേപിച്ചതിനും അന്തരീക്ഷ മലിനീകരണമുണ്ടാക്കിയതിനും വാഹനമുടമക്കെതിരെ കേസെടുത്തു.

Latest