ആരോഗ്യ വകുപ്പിലെ നിയമനത്തില്‍ അട്ടിമറിയെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Posted on: July 12, 2014 12:12 am | Last updated: July 12, 2014 at 12:12 am

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ നിയമനത്തില്‍ സംവരണ തത്വം അട്ടിമറിച്ചെന്ന് ന്യൂനപക്ഷ കമ്മീഷന്‍. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട നഴ്‌സുമാരുടെ തസ്തികകളിലേക്ക് ജനറല്‍ വിഭാഗത്തിന് നിയമനം നല്‍കിയതായി കമ്മീഷന്‍ കണ്ടെത്തി. തിരുവനന്തപുരം ഡി എം ഒയുടെ മേല്‍നോട്ടത്തില്‍ നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ എ വീരാന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ മുസ്‌ലിം, ധീവര സമുദായങ്ങള്‍ക്ക് മാത്രമായി വിജ്ഞാപനം ചെയ്ത 131 നഴ്‌സ് തസ്തികളിലേക്കാണ് ജനറല്‍ വിഭാഗത്തിന് നിയമനം നല്‍കിയത്. 2009ന് മുമ്പ് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഈ സമുദായങ്ങളില്‍ നിന്നുള്ളവര്‍ എത്താത്തതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന തസ്തികകളാണ് പി എസ് സി ഇങ്ങനെ ഇവര്‍ക്കായി നീക്കിവെച്ചത്. ഇവയില്‍ ജനറല്‍ വിഭാഗത്തെ നിയമിച്ചത് ഗുരുതരമായ ക്രമക്കേടാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ കണ്ടെത്തി.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് നിയമനം നടത്തിയതെന്നും പിഴവ് പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കാമെന്നും കമ്മീഷന്റെ ഹിയറിംഗില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് നല്‍കി. എന്നാല്‍, ഈ മാസം മുപ്പതിന് കാലാവധി കഴിയുന്ന റാങ്ക് പട്ടികയില്‍ ശേഷിക്കുന്നവര്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ നിയമനം നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.