ഇറാഖ്: നഴ്‌സുമാരുടെ ശമ്പള കുടിശ്ശിക അടുത്തയാഴ്ച നല്‍കും

Posted on: July 11, 2014 11:34 pm | Last updated: July 12, 2014 at 4:55 pm

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ 46 നഴ്‌സുമാരുടെ ശമ്പള കുടിശ്ശിക അടുത്ത ആഴ്ച നല്‍കുമെന്ന് ഇറാഖ് നിയമ സാമ്പത്തിക മന്ത്രാലയം കേരളത്തെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുടിശ്ശിക ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്നലെ കത്ത് ലഭിച്ചു. പ്രശ്‌നം രൂക്ഷമാകും മുന്‍പ് ഇറാഖില്‍ നിന്ന് ആദ്യമെത്തിയ പത്ത് പേര്‍ക്ക് ടിക്കറ്റിന് ചെലവായ തുക നോര്‍ക്ക നല്‍കും. സര്‍ക്കാറിന്റെ പരിമിതിക്കുള്ളില്‍ നിന്നുള്ള സഹായങ്ങള്‍ ഇവര്‍ക്കും നല്‍കും. തിരുവനന്തപുരത്ത് തൈക്കാട് റെസ്റ്റ് ഹൗസില്‍ നടന്ന നഴ്‌സുമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഴ്‌സുമാരെ അലട്ടുന്ന പ്രധാന പ്രശ്‌നം നാട്ടിലെ കടബാധ്യതയാണ്. നഴ്‌സുമാര്‍ ഓരോരുത്തര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് പ്രവാസി വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ സി കെ മേനോന്‍ അറിയിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നതിനുള്ള പരീക്ഷ പാസാകുന്നതുവരെ തിരിച്ചെത്തിയവര്‍ ജോലി വാഗ്ദാനം ചെയ്ത ആശുപത്രികളില്‍ നാട്ടില്‍ ജോലി ചെയ്യുന്ന തരത്തിലെ അവസരം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷ പാസായവര്‍ക്ക് ഉടന്‍ പോകാനുള്ള അവസരം സൃഷ്ടിക്കും. ഇനിയും മടങ്ങിയെത്താന്‍ നിരവധിപേരുണ്ട്. എന്നാല്‍ എല്ലാവരും വരാന്‍ തയാറാകുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും എംബസിയില്‍ നിന്നും അറിഞ്ഞത്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചിരുന്നു. സന്തോഷകരമായ സംഗമമാണിത്. എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ ആത്മസംയമനത്തോടെ പ്രവര്‍ത്തിച്ച 46 നഴ്‌സുമാര്‍ക്ക് തന്നെയാണ് ഇതിന്റെ ക്രെഡിറ്റ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചര്‍ച്ചക്കുശേഷം നടന്ന യോഗത്തില്‍ വിവിധ ആശുപത്രി ഉടമകള്‍ പങ്കെടുത്ത് തൊഴില്‍ വാഗ്ദാനം ചെയ്തു. മസ്‌കത്തില്‍ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആശുപത്രികളിലായി 46 നഴ്‌സുമാര്‍ക്കും ജോലി നല്‍കാന്‍ തയാറാണെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. 250 ഡോളര്‍ ശമ്പളം നല്‍കാം. എന്നാല്‍ അവിടെ നഴ്‌സിംഗ് ജോലി ചെയ്യണമെങ്കില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ പരീക്ഷ പാസാകേണ്ടതുണ്ട്. ഈ കോഴ്‌സിന് ചേരാന്‍ 90 ഡോളറാണ് ഫീസ്. അതും നല്‍കാന്‍ താന്‍ തയാറാണ്. മസ്‌കത്തിലേക്കുള്ള ടിക്കറ്റ് ചാര്‍ജും അവിടെ താമസ സൗകര്യവും നല്‍കാം. അതേസമയം 250 ഡോളറില്‍ കൂടുതല്‍ തുക നല്‍കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. 15 പേര്‍ക്ക് മിംസ് ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് ഡോ.ആസാദ് മൂപ്പന്‍ ഗ്രൂപ്പ് പ്രതിനിധി യോഗത്തെ അറിയിച്ചു. ഇറാഖില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ നഴ്‌സുമാരുടെ പ്രതിനിധിയായി സംസാരിച്ച മറീന പങ്കുവെച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു പിതാവിന്റെ സാന്നിധ്യമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയതെന്നും എല്ലാവരും തങ്ങളെ സഹായിച്ചെന്നും മറീന പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കെ സി ജോസഫ്, കെ എം മാണി, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, ജോസ് കെ മാണി എം പി, മോയിന്‍കുട്ടി എം എല്‍ എ സംബന്ധിച്ചു. 44 നഴ്‌സുമാരും രക്ഷാകര്‍ത്താക്കളും സംഗമത്തിനെത്തിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത ഡി എം ഹെല്‍ത്ത് കെയര്‍, എന്‍ എം സി ഗ്രൂപ്പ്, അറ്റ്‌ലസ് ഗ്രൂപ്പ്, കിംസ് ആശുപത്രി പ്രതിനിധികള്‍ നഴ്‌സുമാരുമായി ചര്‍ച്ച നടത്തി.