മാനദണ്ഡങ്ങള്‍ പാലിക്കാതെ വിപണിയില്‍ മൊബൈലുകളുടെ പ്രളയം

Posted on: July 11, 2014 11:29 pm | Last updated: July 11, 2014 at 11:29 pm

mobile phoneപത്തനംതിട്ട: മൊബൈല്‍ ഫോണുകളുടെ സുരക്ഷിത റേഡിയേഷന്‍ വികിരണ തോതായ സര്‍ വാല്യു(സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക് അബ്‌സോര്‍ബേഷന്‍ ) കൃത്യമായി പാലിക്കാതെ ഇന്ത്യയില്‍ ചൈനീസ്, ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ വിപണിയിലിറക്കുന്നു. ഇന്റര്‍ നാഷനല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ പ്രൊട്ടക്ഷന്റെ (ഐ സി എന്‍ ഐ ആര്‍ പി) നിര്‍ദേശം മറികടന്നാണ് കമ്പനികള്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത്. 2010 നവംബര്‍ 13 ഓടെ രാജ്യത്ത് എല്ലാ മൊബൈല്‍ കമ്പനികളും നിര്‍ദേശം പാലിക്കണമെന്ന് ട്രായ്, ടെലികോം എന്‍ജിനീയറിംഗ്് ആന്‍ഡ് റിസോഴ്‌സസ് മോനിട്ടറിംഗ് (ടേം) സെല്‍ എന്നിവര്‍ക്ക് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
സര്‍ വാല്യു 1.6 വാട്ടില്‍ കൂടാന്‍ പാലില്ലെന്നായിരുന്നു പുതിയ നിര്‍ദേശം. രാജ്യത്ത് 73 കമ്പനികളുടെ മൊബൈല്‍ ഫോണുകളാണ് വിപണിയിലുള്ളത്. ഇതില്‍ 30 ശതമാനം ഇന്ത്യന്‍ നിര്‍മിതവും 40 ശതമാനം ചൈനീസ് നിര്‍മിതവുമാണ്. നോക്കിയ, സാംസ്ംഗ് , മൊട്ടോറോള, സോണി എന്നീ പ്രമുഖ കമ്പനികള്‍ മാത്രമാണ് നിലവില്‍ നിയമം അനുശാസിക്കുന്ന നിരക്ക് പാലിക്കുന്നത്. അതേ സമയം ഇന്ത്യന്‍ വിപണിയില്‍ 1.7 മുതല്‍ 1.26 വരെ നിരക്കില്‍ സര്‍വാല്യു ഉള്ള ഫോണുകള്‍ വരെ വിപണിയില്‍ ലഭ്യമാകുന്നുണ്ട്. റേഡിയേഷന്‍ വികിരണ തോത് ഇവയുടെ കവറുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നുള്ള നിര്‍ദേശം പാലിക്കാതെയാണ് ഫോണുകള്‍ വിപണിയില്‍ ലഭിക്കുന്നത്്. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിനു ശേഷമാണ് രാജ്യങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കേണ്ടതെന്ന നിര്‍ദേശം നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള ഫോണുകളുടെ ഉപയോഗം മൂലം തലച്ചോറില്‍ ട്യൂമര്‍, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
ഫോണിന്റെ അമിത ഉപയോഗം തലച്ചോറിലേക്ക് കൂടുതല്‍ ഇ എം എഫ് തരംഗങ്ങള്‍ (ഇലക്ടോ മാഗ്‌നറ്റിക് ഫീല്‍ഡ്) കടത്തി വിടുന്നുവെന്നും ഇത് തലച്ചോറിലെ കോശങ്ങള്‍ക്ക് അമിത ചൂട് നല്‍കി ഇവ നശിക്കാന്‍ കാരണമാകുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വികിരണ തോത് നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ എട്ട് ഏജന്‍സികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ചൈനയില്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ സര്‍ വാല്യു 1.6ല്‍ കൂടുതലുള്ള ഫോണുകള്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുകയായിരുന്നു. 2010 ശേഷം വിപണിയില്‍ നിയമം പാലിക്കാതെ ഇറക്കുന്ന ഇത്തരം ഫോണുകള്‍ പിടിച്ചെടുക്കാന്‍ ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല.