Connect with us

International

ലോകം പ്രതികരിക്കുന്നു

Published

|

Last Updated

റിയാദ്: ഗാസായില്‍ ഇസ്‌റാഈല്‍ നടത്തുന്ന കടുത്ത ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ യു എന്‍ രക്ഷാ സമിതി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. തികച്ചും ആശങ്കാ ജനകമായ സ്ഥിതി വിശേഷമാണ് ഗാസയിലുള്ളത്. ഈ ഘട്ടത്തില്‍ യു എന്‍ ഇടപെടല്‍ അനിവാര്യമാണെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി നബീല്‍ അല്‍ അറബി പറഞ്ഞു. അതേസമയം, ഗാസയില്‍ നിന്നുള്ള റോക്കറ്റാക്രമണം അസ്വീകാര്യമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി. ഇസ്‌റാഈല്‍ പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയില്‍ സിവിലിയന്‍ മരണസംഖ്യ ഉയരുന്നതില്‍ താന്‍ ഏറെ വേദനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍– ഫലസ്തീനിലെ നരമേധം തടയാന്‍ പാശ്ചാത്യ രാഷ്ട്രങ്ങളും ഇസ്‌റാഈല്‍ അനുകൂല രാഷ്ട്രങ്ങളും ശക്തമായ നിര്‍ദേശം നല്‍കാന്‍ തയ്യാറാകണം.
അമേരിക്ക– ഒരു ഭീകര സംഘടന റോക്കറ്റാക്രമണങ്ങള്‍ നടത്തുകയും അത് രാജ്യത്തെ നിരപരാധികളായ സിവലിയന്‍മാരെ ബാധിക്കുകയും ചെയ്യുമ്പോള്‍ ഒരു രാഷ്ട്രവും നോക്കിനില്‍ക്കില്ലെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ജെന്‍ സാകി പ്രതികരിച്ചു.
ബ്രിട്ടന്‍- “ഇസ്‌റാഈലി ജനങ്ങള്‍ക്കെതിരെ ഹമാസ് നടത്തുന്ന ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇസ്‌റാഈലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ അടിവരയിടുകയും ചെയ്യുന്നു”. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.
സ്‌കോട്ട്‌ലാന്‍ഡ്- “ആക്രമണം അവസാനിപ്പിക്കാന്‍ ഇരു കൂട്ടരും ശ്രമിക്കണം. ആക്രമണങ്ങളില്‍ പരുക്കേറ്റ സാധാരണക്കാര്‍ക്ക് എല്ലാ ചികിത്സാ സഹായവും വാഗ്ദാനം ചെയ്യുന്നു” വിദേശകാര്യ മന്ത്രാലയം വക്താവ് ഹുംസ യൂസുഫ്.
ഈജിപ്ത്– ഫലസ്തീനികളുടെ കൊലപാതകങ്ങള്‍ക്കും പരുക്കേല്‍ക്കലുകള്‍ക്കും കാരണമായ ഈ ആക്രമണങ്ങളെ അപലപിക്കുന്നു. കൂട്ടത്തോടെയുള്ള ഈ ശിക്ഷിക്കല്‍ അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെടുകയാണ്.
അയര്‍ലാന്‍ഡ്– “ജനതക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഇസ്‌റാഈലിലേക്കുള്ള റോക്കറ്റാക്രമണത്തെ പക്ഷപാതമന്യേ അപലപിക്കുന്നു. അതുപോലെ ഗാസക്കെതിരെ ഇസ്‌റാഈലിന്റെ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി സാധാരണക്കാര്‍ ഇരകളായതിനെയും അപലപിക്കുന്നു”. വിദേശകാര്യ മന്ത്രി ഈമോണ്‍ ഗില്‍മോര്‍.
വെനസ്വേല- “ഫലസ്തീനിലെ ധീരരായ ജനങ്ങള്‍ക്കെതിരെ അനധികൃത ഇസ്‌റാഈല്‍ രാഷ്ട്രം നടത്തുന്ന പൈശാചികവും അതിക്രൂരവുമായ ആക്രമണങ്ങളെ ബൊളിവേറിയന്‍ ഗവണ്‍മെന്റ് ഓഫ് വെനസ്വേല ധീരമായി അപലപിക്കുന്നു”. പ്രസിഡന്റ് നിക്കോളാസ് മദുറോ.