പൂഴ്ത്തിവെപ്പ് ജാമ്യമില്ലാ കുറ്റമാക്കി നിയമം ഭേദഗതി ചെയ്യും

Posted on: July 11, 2014 12:50 am | Last updated: July 11, 2014 at 12:50 am

ന്യുഡല്‍ഹി: വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി പൂഴ്ത്തിവെപ്പ് ജാമ്യമില്ലാ കുറ്റമാക്കി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഫലപ്രദമായി വിപണിയില്‍ ഇടപെടാന്‍ ‘വില ഭദ്രതാ നിധി’ രൂപവത്കരിക്കാനും തീരുമാനമുണ്ട്. മതിയായ ഭക്ഷ്യധാന്യ കരുതല്‍ ഉള്ളതിനാല്‍ വിലക്കയറ്റത്തില്‍ പരിഭ്രാന്തിയുടെ കാര്യമില്ല. കാലവര്‍ഷം ദുര്‍ബലമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവുമാണ് ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിലക്കയറ്റത്തിന് കാരണമാകുന്നതെന്നും കേന്ദ്രം വിലയിരുത്തുന്നു. പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്രം ഇയ്യിടെ വിളിച്ചുചേര്‍ത്ത സംസ്ഥാന ഭക്ഷ്യ, ഉപഭോക്തൃ കാര്യ മന്ത്രിമാരുടെ യോഗത്തില്‍ പൂഴ്ത്തിവെപ്പ് ജാമ്യമില്ലാ കുറ്റമാക്കാന്‍ അവശ്യസാധന നിയമം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാന്‍, ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് എന്നിവരെല്ലാം യോഗത്തില്‍ സംബന്ധിച്ചിരുന്നു. പഴം, പച്ചക്കറികള്‍ എന്നിവയുടെ അഭൂതപൂര്‍വമായ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിപണിയില്‍ ഇടപെടാന്‍ സഹായകമാം വിധം കേന്ദ്രം ഒരു വില ഭദ്രതാ നിധി രൂപവത്കരിക്കണമെന്നും സംസ്ഥാന മന്ത്രിമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലക്കയറ്റം തടയാന്‍ എന്‍ ഡി എ സര്‍ക്കാര്‍ ഇവ കയറ്റുമതി ചെയ്യുന്നതിന് കുറഞ്ഞ വില നിശ്ചയിക്കുകയും ഇവ സ്റ്റോക്ക് ചെയ്യുന്നതിന് പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യസാധനങ്ങള്‍ക്കൊന്നും ക്ഷാമമില്ലെന്നും സാധാരണ നിലയില്‍ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനാകുമെന്നും മന്ത്രി ജയ്റ്റ്‌ലി വ്യക്തമാക്കി.