കേരളത്തോട് ഇത്തിരി കാരുണ്യം

Posted on: July 11, 2014 6:00 am | Last updated: July 11, 2014 at 12:45 am

തിരുവനന്തപുരം: മോദി സര്‍ക്കാറിന്റെ കന്നി ബജറ്റില്‍ കേരളത്തോട് സമ്മിശ്ര സമീപനം. റെയില്‍വേ ബജറ്റ് പോലെ പാടെ അവഗണിക്കാതിരുന്ന പൊതു ബജറ്റില്‍ ഐ ഐ ടി വേണമെന്ന വര്‍ഷങ്ങളായുള്ള കേരളത്തിന്റെ മുറവിളിക്ക് ഉത്തരം ലഭിച്ചു. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഐ ഐ ടി പ്രഖ്യാപിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇങ്ങോട്ട് വാഗ്ദാനം ചെയ്ത എയിംസ് ബജറ്റില്‍ ഇടം പിടിച്ചതുമില്ല. കേരളത്തിലെ വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതത്തിലും കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തിലും നേരിയ വര്‍ധന വരുത്തിയെങ്കിലും രാസവളം- ഇന്ധന സബ്‌സിഡികള്‍ പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ കാര്‍ഷിക സമ്പദ്ഘടനക്ക് പ്രഹരമാകും.
കൊച്ചി മെട്രോക്ക് 462.17 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 162 കോടി വിദേശ വായ്പയും 233 കോടി കേന്ദ്ര നിക്ഷേപവുമാണ്. കുടിവെള്ള, ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് 67 കോടിയും ഫാക്ടിന് 42.66 കോടിയും വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, ഫാക്ട് നേരിടുന്ന വന്‍ പ്രതിസന്ധി മറികടക്കാന്‍ തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജിന് ബജറ്റ് പിന്തുണ ലഭിച്ചില്ല.
തുമ്പയിലെ വിക്രംസാരഭായ് സ്‌പേസ് സെന്ററിന് 596.22 കോടിയും തിരുവനന്തപുരം ബഹിരാകാശ പഠന കേന്ദ്രത്തിന് 122.5 കോടിയും അനുവദിച്ചു. റബര്‍ ബോര്‍ഡ് (157.5 കോടി), കോഫി ബോര്‍ഡ് (121.8 കോടി), സ്‌പൈസസ് ബോര്‍ഡ് (94.35 കോടി), ടീ ബോര്‍ഡ് (117.5 കോടി), സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (120 കോടി), കയര്‍ വ്യവസായമേഖല (82.35 കോടി)ക്കും ലഭിച്ചു. എന്നാല്‍, കശുവണ്ടി വികസന കൗണ്‍സിലിന് നാല് കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. കൊച്ചി പ്രത്യേക സാമ്പത്തികമേഖല (6.8കോടി), കൊച്ചിന്‍ ഷിപ്പിയാര്‍ഡ് (41.10 കോടി) രൂപയും വകയിരുത്തിയിട്ടുണ്ട്. റബര്‍ ബോര്‍ഡിന് സാധാരണ നീക്കിവെക്കുന്ന ബജറ്റ് വിഹിതമല്ലാതെ ഇപ്പോഴത്തെ വിലത്തകര്‍ച്ച നേരിടാനുള്ള പദ്ധതികളുമില്ല. കൊച്ചി തുറമുഖത്തിന് നിലവിലുള്ള തുക വെട്ടിക്കുറച്ചിട്ടുണ്ട്. 27.81 കോടി രൂപയാണ് കൊച്ചി തുറമുഖത്തിന് ഇപ്പോള്‍ നീക്കിവെച്ചിരിക്കുന്നത്. വാരണാസിയിലെ കൈത്തറി മേഖലക്ക് പ്രത്യേക പരിരക്ഷയും ഫണ്ടും നീക്കിവച്ചപ്പോള്‍ സംസ്ഥാനത്തെ കശുവണ്ടി- കൈത്തറി- കയര്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ ബജറ്റ് വിസ്മരിച്ചു. തൂത്തുക്കുടി തുറമുഖ വിപുലീകരണത്തിന് പണം നീക്കിവച്ചപ്പോള്‍ വിഴിഞ്ഞം തുറമുഖം ബജറ്റ് കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്.
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മാതൃകയിലുള്ള ആശുപത്രി കേരളത്തിന് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കിയതാണ്. സ്ഥലം നിര്‍ദേശിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. ചുരുങ്ങിയത് 200 ഏക്കര്‍ ഭൂമി ആവശ്യമാണ്. ഒരാഴ്ച്ചക്കുള്ളില്‍ സ്ഥലം നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ എയിംസ് മറ്റു നാല് സംസ്ഥാനങ്ങളിലേക്ക് പോയി.
വര്‍ഷങ്ങളായി ആവശ്യമുന്നയിച്ചിട്ടും സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുണ്ടായിട്ടും കേരളത്തിന് ഐ ഐ ടി അനുവദിക്കാന്‍ യു പി എ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി സമ്മാനമായി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് വാഗ്ദാനം ചെയ്തതാണ് ഐ ഐ ടി. ഈ വാഗ്ദാനം പിന്നീട് പല വട്ടം ആവര്‍ത്തിച്ചതല്ലാതെ യാതാര്‍ഥ്യമായില്ല.
ഐ ഐ ടി ലഭിച്ചാല്‍ അത് പാലക്കാട്ട് സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഇതിനായി സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. കഞ്ചിക്കോട് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ വികസനത്തിനായി കിന്‍ഫ്ര കണ്ടെത്തിയ 600 ഏക്കര്‍ ഭൂമിയാണ് ഐ ഐ ടിക്കായി കണ്ടെത്തിയിരിക്കുന്നത്. പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജിലാണ് ഭൂമി.
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബി ഇ എം എല്ലിന്റെ പ്ലാന്റ് സ്ഥാപിക്കാന്‍ കിന്‍ഫ്ര കഞ്ചിക്കോട് സത്യനാഥംപള്ളത്തെ വ്യവസായമേഖലയില്‍ 375 ഏക്കര്‍ സ്ഥലം നല്‍കിയിരുന്നു. പ്ലാന്റിന്റെ വികസനത്തിനായി 600 ഏക്കര്‍ ഭൂമികൂടി വേണമെന്ന് ബി ഇ എം എല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പിന്നീട് 600 ഏക്കര്‍ ഭൂമി കൂടി കണ്ടെത്തിയത്. എന്നാല്‍, വികസനം ഉടനെയുണ്ടാകില്ലെന്നതിനാലാണ് ഈ ഭൂമി ഐ ഐ ടി ക്കായി ഉപയോഗിക്കാന്‍ ധാരണയായത്. ഐ ഐ ടി സ്ഥാപിക്കാന്‍ മുമ്പ് പുതുശ്ശേരി ഈസ്റ്റ് വില്ലേജില്‍ 366.36 ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി മുമ്പ് കണ്ടെത്തിയ സ്ഥലത്ത് ഭൂമിയേറ്റെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ ആ ഭൂമി കോച്ച് ഫാക്ടറിക്കായി ഉപയോഗിക്കുകയായിരുന്നു.