ബജറ്റില്‍ കൊച്ചിക്ക് നിരാശ

Posted on: July 11, 2014 12:38 am | Last updated: July 11, 2014 at 12:38 am

കൊച്ചി: കേന്ദ്ര ബജറ്റ് കൊച്ചിക്ക് സമ്മാനിക്കുന്നത് നിരാശ മാത്രം. കൊച്ചി മെട്രോ റെയില്‍ പോലുള്ള വന്‍ പദ്ധതികള്‍ നടപ്പാക്കുന്ന കൊച്ചിക്ക് ബജറ്റില്‍ പ്രത്യേകമായ ഒരു പരിഗണനയും ലഭിച്ചില്ല. മെട്രോ റെയിലിന് ഈ ബജറ്റില്‍ പുതുതായി ഒരു രൂപ പോലും ബജറ്റില്‍ നീക്കിവെച്ചില്ല. ബജറ്റില്‍ അനുവദിച്ചിരിക്കുന്ന 462. 17 കോടി രൂപ കഴിഞ്ഞ ഫെബ്രുവരിയില്‍ യു പി എ സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ അനുവദിച്ച പണം മാത്രമാണ്. നേരത്തെ ഏറ്റെടുത്ത പദ്ധതിക്ക് വേണ്ടി സ്വാഭാവികമായും സര്‍ക്കാര്‍ മുടക്കേണ്ട തുകയുടെ ചെറിയ ഭാഗം മാത്രമാണിത്. ബജറ്റില്‍ അനുവദിച്ചിട്ടുള്ള 462 കോടി രൂപയില്‍ 233. 43 കോടി രൂപയാണ് പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായി ലഭിക്കുക. 66. 95 കോടി രൂപ പലിശ രഹിത ബാധ്യതയായും 161. 79 കോടി രൂപ ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജന്‍സി(എ എഫ് ഡി )യില്‍ നിന്നുള്ള വായ്പ ഇനത്തിലുമാണ് ലഭിക്കുന്നത്.