Connect with us

Gulf

എമിറേറ്റ്‌സ് ഐഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 20 ലക്ഷം പേര്‍

Published

|

Last Updated

അബുദാബി: എമിറേറ്റ്‌സ് ഐ ഡി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഈ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ സന്ദര്‍ശിച്ചത് 20 ലക്ഷം ആളുകള്‍.
കഴിഞ്ഞ വര്‍ഷവും ഇത്രയും തന്നെ ആളുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിരുന്നു. ഒപ്പം 50 ലക്ഷത്തോളം ബ്രൗസിങ്ങ് ശ്രമമാണ് വെബ്‌സൈറ്റിനായി ഇതേ കാലയളവില്‍ നടന്നിട്ടുള്ളത്. പൊതുജന സേവനാര്‍ഥം ലഭ്യമാക്കിയ വെബ്‌സൈറ്റ് ജനങ്ങളും കമ്പനിയും തമ്മിലുള്ള അകലം ലഘൂകരിച്ച് ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് എമിറേറ്റ്‌സ് ഐ ഡി യുടെ ഐ.ടി. വിഭാഗം ഡയറക്ടര്‍ അബ്ദുള്ള അല്‍ കിന്ദി പറഞ്ഞു. കമ്പനിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് പെട്ടെന്ന് എത്തിക്കുവാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ സ്മാര്‍ട് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ആളുകള്‍ കൂടുന്നത്.
എല്ലാ സ്മാര്‍ട് ഉപകരണങ്ങളില്‍ നിന്നും എളുപ്പം ഉപയോഗിക്കാവും വിധമാണ് എമിറേറ്റ്‌സ് ഐ ഡി വെബ്‌സൈറ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഐ ഡി ക്ക് പുറമെ എല്ലാ സ്മാര്‍ട് ഗവണ്‍മെന്റ് സേവനങ്ങളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റ് നിഷ്്കര്‍ഷിക്കുന്ന ഗവണ്‍മെന്റ് സേവനങ്ങള്‍ 99 ശതമാനവും സജ്ജീകരിച്ചാണ് ഈ വെബ്‌സൈറ്റ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ 2013ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സമ്മിറ്റ് ഇന്റര്‍നാഷണല്‍ ക്രിയേറ്റീവ് അവാര്‍ഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഈ വെബ്‌സൈറ്റിനെ തേടിയെത്തിയിട്ടുണ്ട്.

 

Latest