സിറിയന്‍ പ്രതിപക്ഷ കൂട്ടായ്മക്ക് പുതിയ നേതാവ്‌

Posted on: July 10, 2014 5:39 am | Last updated: July 10, 2014 at 12:41 am
images
ഹാദി അല്‍ ബഹ്‌റ

ഇസ്താംബൂള്‍: വിദേശത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സിറിയയിലെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പായ സിറിയന്‍ ദേശീയ സഖ്യം (എസ് എന്‍ സി) ഹാദി അല്‍ ബഹ്‌റയെ പുതിയ നേതാവായി തിരഞ്ഞെടുത്തു. തുര്‍ക്കിയിലെ ഇസ്താംബൂളിനടുത്ത സിലിയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹാദിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജനീവയില്‍ സിറിയന്‍ സര്‍ക്കാറുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ചര്‍ച്ചയുടെ അമരക്കാരന്‍ ഹാദിയായിരുന്നു. 1959ല്‍ ദമസ്‌കസില്‍ ജനിച്ച അദ്ദേഹം സഊദി അറേബ്യയിലാണ് ദീര്‍ഘകാലം ചെലവഴിച്ചത്. മൂന്ന് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ യു എസിന്റെയും റഷ്യയുടെയും പിന്തുണയോടെ ജനീവയില്‍ രണ്ട് ഘട്ടങ്ങളായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 2012ല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് എസ് എന്‍ സി രൂപവത്കരിക്കപ്പെട്ടത്. തുടര്‍ന്ന് പ്രവര്‍ത്തന കേന്ദ്രം ഇസ്താംബൂളിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇടക്കാല സര്‍ക്കാറിന്റെ പ്രധാനമന്ത്രിയായി അഹ്മദ് തുഅ്മയെ തിരഞ്ഞെടുത്തിരുന്നു.
പ്രതിപക്ഷ സഖ്യത്തെ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ പോരാടുന്ന സായുധ വിമതര്‍ അംഗീകരിച്ചിട്ടില്ല. രാജ്യത്തേക്ക് മടങ്ങാതെ വിദേശത്ത് രൂപവത്കരിക്കപ്പെട്ട എല്ലാ ഗ്രൂപ്പുകളും തങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ലെന്നാണ് വിമതരുടെ നിലപാട്. ഏറെ വിഭജിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കുകയെന്ന കഠിന യത്‌നമാണ് ഹാദിക്ക് മുമ്പിലുള്ളത്. അസദിനെ അട്ടിമറിക്കാന്‍ പോരാടുന്ന മിതവാദി വിമതര്‍ക്കായി പാശ്ചാത്യ ശക്തികളില്‍ നിന്ന് കൂടുതല്‍ സൈനിക സഹായവും അദ്ദേഹം തേടും.